റോഡ് സുരക്ഷയിൽ റോയൽ ഒമാൻ പൊലീസിന് അന്താരാഷ്ട്ര അംഗീകാരം
ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർഒപി നടത്തിയ നൂതന ശ്രമങ്ങൾക്കും സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിനുമുള്ള അംഗീകാരമാണിത്

മസ്‌കത്ത്: റോഡ് സുരക്ഷാ വിഭാഗത്തിലെ മികച്ച പ്രകടനത്തിന് റോയൽ ഒമാൻ പോലീസിന് (ആർഒപി) ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ (IRF) അവാർഡ് ലഭിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർഒപി നടത്തിയ നൂതന ശ്രമങ്ങൾക്കും സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിനുമുള്ള അംഗീകാരമാണിത്. ഏഥൻസിൽ നടന്ന ചടങ്ങിൽ റോയൽ ഒമാൻ പൊലീസിനെ പ്രതിനിധീകരിച്ച് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എഞ്ചിനീയർ അലി ബിൻ സുലൈം അൽ ഫലാഹി പുരസ്‌കാരം ഏറ്റുവാങ്ങി.
സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെയും ഡാറ്റ വിശകലനത്തിലൂടെയും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിൽ ആർ.ഒ.പി നടത്തിയ നൂതന ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. ഹുവാവേ ഒമാനുമായി സഹകരിച്ച് നടപ്പിലാക്കിയ ട്രാഫിക് മാനേജ്‌മെന്റിൽ ആർഒപിയുടെ എഐ ഉപയോഗത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. ഉയർന്ന അപകടസാധ്യതയുള്ള റോഡുകൾ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനുമുള്ള ട്രാഫിക് മോണിറ്ററിങ് സംവിധാനങ്ങൾ, അപകട ഡാറ്റ വിശകലനം, എ.ഐ. പവർഡ് സൊല്യൂഷനുകൾ എന്നിവ വികസിപ്പിക്കുന്നതിൽ ആർ.ഒ.പിയുടെ മുൻനിര സംരംഭങ്ങളെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. അപകട നിരക്ക് കുറക്കുന്നതിനും പ്രതികരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്. ആഗോള റോഡ് ശൃംഖലകളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും വികസനത്തിലും മെച്ചപ്പെടുത്തലിലും പ്രകടമായ സ്വാധീനം പ്രകടിപ്പിക്കുന്ന പദ്ധതികളെയും സംരംഭങ്ങളെയും അംഗീകരിച്ച് വർഷംതോറും നൽകിവരുന്നതാണ് ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ്.
Adjust Story Font
16

