Quantcast

രണ്ടും കൽപിച്ച് കടലിലേക്ക് ചാടി, നീന്തി കരക്കണഞ്ഞു; സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്‌നാട്ടുകാർ രക്ഷപ്പെട്ടത് അതിസാഹസികമായി

മീൻ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയവരെ ഉരുവിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-06-13 18:01:47.0

Published:

13 Jun 2025 10:59 PM IST

Tamil Nadu residents heroic escape from being taken to Somalia
X

സലാല: വിസ തട്ടിപ്പിൽപ്പെട്ട് സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്‌നാട്ടുകാർ രക്ഷപ്പെട്ടത് അതിസാഹസികമായി. മീൻ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയ ശേഷം ഉരുവിൽ കയറ്റി കൊണ്ടുപോകവേയാണ് മൂന്നു പേർ അതിസാഹസികമായി രക്ഷപ്പെട്ടത്. തമിഴ്‌നാട് കടലൂർ സ്വദേശികളായ വേതാചലം നടരാജൻ (50), അജിത് കനകരാജ് (49), ഗോവിന്ദരസു രാജ(27) എന്നിവർ ഏതാനും നാളുകൾക്ക് മുമ്പാണ് ജോലിക്കായി ബഹറൈൻ വിസയിൽ മനാമയിലെത്തിയത്. വിസക്കായി ഒന്നരലക്ഷം രൂപ വീതമാണ് ഏജന്റിന് ഇവർ നൽകിയത്.

മീൻ പിടിത്ത ജോലികളിൽ പ്രാവീണ്യരായ ഇവർ അത്തരം ജോലിക്കായാണ് എത്തിയത്. ബഹറൈനിൽ എത്തിയപ്പോഴാണ് ജോലി അവിടെയല്ലെന്നും കടൽ മാർഗം മറ്റൊരു സ്ഥലത്തേക്ക് പോകണമെന്നും ഇവരെ കൊണ്ട് വന്നവർ പറയുന്നത്. ഏതായാലും ജോലിക്ക് വന്നതല്ലേ പോകാമെന്ന് കരുതി ഉരുവിൽ കയറി. രണ്ട് നാൾ യാത്ര കഴിഞ്ഞിട്ടും ജോലി സ്ഥലത്തെത്തിയില്ല. ഇതോടെ എന്തോ ചതി പറ്റിയിട്ടുണ്ടെന്ന് ഇവർക്ക് ബോധ്യപ്പെട്ടു. ഇതിനിടയിൽ ഉരുവിലെ മറ്റുള്ളവരുടെ സംസാരത്തിൽ നിന്ന് സോമാലിയയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവർ മനസ്സിലാക്കി.

മൂന്നാം നാൾ രാത്രി കടലിന്റെ സ്വഭാവം മാറി. വലിയ തിരമാലകൾ ഉരുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി. കൂടുതൽ പ്രയാസമാകുമെന്ന് കണ്ട കപ്പിത്താൻ ഉരു കപ്പൽ ചാലിൽ നിന്ന് അടുത്ത് കണ്ട തീരത്തിനടുത്തായി നങ്കൂരമിട്ടു. തീരത്തെ വെളിച്ചം കണ്ട കടലൂർ സ്വദേശികൾ ഇത് തന്നെ രക്ഷപ്പെടാൻ അവസരമെന്ന് തീരുമാനിച്ചു. രാത്രി വൈകി എല്ലാവരും ഉറക്കമായപ്പോൾ രണ്ടും കൽപ്പിച്ച് കടലിലേക്ക് ചാടി. നീന്തി തീരത്തണഞ്ഞു.

മീൻ പിടിത്തക്കാരായിരുന്ന ഇവർക്ക് കടലിലെ നീന്തൽ അത്ര പുത്തിരിയായിരുന്നില്ല. സലാലക്കടുത്ത് താഖയിലാണ് ഇവർ നീന്തി തീരമണഞ്ഞത്. നേരെ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ഇവരുടെ കഥ കേട്ട ആർ.ഒ.പി ഓപറേഷൻ ഹെഡ് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനനെ വിവരമറിയിച്ചു. അദ്ദേഹം ഉടനെ സ്ഥലത്തെത്തി ഇവരെ കണ്ടു. രക്ഷപ്പെട്ട കഥ അപ്പോഴാണ് പുറം ലോകം അറിയുന്നത്. അദ്ദേഹം ഉടനെ നാട്ടിൽ ബന്ധപ്പെടുകയും ഇവർക്ക് ടിക്കറ്റിന് വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. വിസയുടെ കാര്യങ്ങൾ ആർ.ഒ.പി അധികൃതർ പൂർത്തീകരിച്ച് നൽകി.

നടപടികൾ പൂർത്തിയാക്കി ജൂൺ 12 നുള്ള സലാം എയറിൽ മസ്‌കത്ത് വഴി ചെന്നൈയിലേക്ക് തിരിച്ചു. ചാടുന്നതിന് മുമ്പ് പാസ്‌പോർട്ടെല്ലാം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ദേഹത്ത് കരുതിയതിനാൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനായതായി ഡോ. കെ. സനാതനൻ പറഞ്ഞു.

TAGS :

Next Story