മുവാസലാത്തിന്റെ ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തെ സൗജന്യ യാത്ര
ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 മണി വരെ റൂവി-മത്ര-മസ്‌കത്ത് റൂട്ടിലാണ് ഈ സൗജന്യ യാത്ര ആസ്വദിക്കാൻ സാധിക്കുക

മസ്‌കത്ത്: ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തെ സൗജന്യ യാത്ര പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസത്തേക്ക്, ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10 മണി വരെ റൂവി-മത്ര-മസ്‌കത്ത് റൂട്ടിലാണ് ഈ സൗജന്യ യാത്ര ആസ്വദിക്കാൻ സാധിക്കുക. പ്രവാസികൾക്കും സഞ്ചാരികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മുവാസലാത്ത് അറിയിച്ചു.
ഒമാന്റെ 2050-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. കഴിഞ്ഞ ഫെബ്രുവരി മുതൽ മസ്‌കത്തിലെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മുവാസലാത്ത് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചു തുടങ്ങിയിരുന്നു. 28 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ബസുകൾ മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തവയാണ്. ഇത് നഗര പരിതസ്ഥിതികളിൽ വളരെ അനുയോജ്യമാവുന്നവയാണ്. വിവിധ ഗവർണറേറ്റുകളിലേക്കുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതുൾപ്പെടെ രാജ്യത്തുടനീളമുള്ള പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും മുവാസലാത്ത് ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

