Quantcast

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയില്‍; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

അഹ് ലൻ മോദിയെന്ന പേരിലാണ് അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണ പരിപാടിയൊരുക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Feb 2024 1:19 AM GMT

narendra modi
X

നരേന്ദ്ര മോദി

അബുദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും. അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ അബൂദബിയിലെ ഹിന്ദുക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

അഹ് ലൻ മോദിയെന്ന പേരിലാണ് അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണ പരിപാടിയൊരുക്കുന്നത്. അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ അറുപതിനായിരം കടന്നതായി സംഘാടകർ അവകാശപ്പെട്ടു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും.

വൈകുന്നേരം ആറിനാണ് പ്രധാനമന്ത്രി സദസിലെ അഭിസംബോധന ചെയ്യുക. യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയിരിക്കുമിതെന്ന് സംഘാടകർ പറഞ്ഞു. യു.എ.ഇയിലെ മിക്ക ഇന്ത്യൻ സ്കൂളുകളിൽ നിന്നും പരിപാടിയിലേക്ക് വിദ്യാർഥികളെ എത്തിക്കും. നൂറ് ബസുകളിലായി നാലായിരം വിദ്യാർഥികളെ പരിപാടിയിലെത്തിക്കുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു. ബുധനാഴ്ച അബൂദബിയിൽ നിർമിച്ച മിഡിലീസ്റ്റിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിന്‍റെ ഉദ്ഘാടനം മോദി നിർവഹിക്കും. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി അബൂദബിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയാണ് നിയന്ത്രണം. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കും ഈ സമയം നഗരത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് അറിയിച്ചു.

TAGS :

Next Story