ഫിഫ അറബ് കപ്പ്; കാണാനെത്തിയത് 12.2 ലക്ഷം പേർ
ഡിസംബർ ഒന്നു മുതൽ പതിനെട്ടു വരെയായിരുന്നു ടൂർണമെന്റ്

ദോഹ: ഖത്തർ വേദിയായ ഫിഫ അറബ് കപ്പ് കാണാനെത്തിയത് 12.2 ലക്ഷം കാണികൾ. കാണികളിൽ നാലിലൊരു ഭാഗം വിദേശികളാണെന്നും സംഘാടക സമിതി വ്യക്തമാക്കി. ഡിസംബർ ഒന്നു മുതൽ പതിനെട്ടു വരെയായിരുന്നു ടൂർണമെന്റ്. കളിക്കൊപ്പം ഖത്തറിന്റെ സാംസ്കാരിക പൈതൃകം കൂടി ലോകത്തിന് മുമ്പിൽ അടയാളപ്പെടുന്നതായിരുന്നു ഫിഫ അറബ് കപ്പ്.
കളിയാസ്വദിക്കാനായി സ്റ്റേഡിയങ്ങളിലെത്തിയത് 1,220,063 പേരാണ്. ഇതിൽ ഇരുപത്തിയഞ്ച് ശതമാനം വിദേശികൾ. ജിസിസി രാഷ്ട്രങ്ങൾക്ക് പുറമേ, ജോർദാൻ, അൽജീരിയ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കാണികളെത്തിയത്. വിഖ്യാതമായ ലുസൈൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മൊറോക്കോ-ജോർദാൻ ഫൈനൽ കാണാൻ 84,517 പേരെത്തി. ആറ് സ്റ്റേഡിയങ്ങളിലായി 32 കളികളിൽ നിന്ന് 77 ഗോളുകളാണ് ടൂർണമെന്റിൽ പിറന്നത്.
71 രാഷ്ട്രങ്ങളിൽ നിന്നുള്ള 2269 മാധ്യമ പ്രവർത്തകർ ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാനെത്തി. 2021 എഡിഷനേക്കാൾ മൂന്നു മടങ്ങ് കൂടുതലാണിത്. 3500 വളണ്ടിയർമാരും 700 മെഡിക്കൽ സ്റ്റാഫും ടൂർണമെന്റിന്റെ ഭാഗമായി. 11573 ഭിന്നശേഷിക്കാർ കളിയാരവം ആസ്വദിക്കാനെത്തി. വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക സീറ്റിങ്ങും ഓഡിയോ കമന്ററിയുമുണ്ടായിരുന്നു. ഭിന്നശേഷിക്കാർക്കായി സെൻസറി റൂമും ഒരുക്കിയിരുന്നു.
Adjust Story Font
16

