4800 കോടി റിയാൽ കടന്ന് ഇന്ത്യ-ഖത്തർ വ്യാപാരം
ഖത്തറുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള ഇന്ത്യയുടെ ശ്രമങ്ങളും പുരോഗമിക്കുകയാണ്

ദോഹ: 4800 കോടി റിയാൽ കവിഞ്ഞ് ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം. ഖത്തർ ചേംബർ ബോർഡിന്റേതാണ് കണക്കുകൾ. ഖത്തറിലെത്തിയ ഇന്ത്യൻ ബിസിനസ് സംഘവുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തർ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബിയാണ് ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ പങ്കുവച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം ശക്തമായി തുടരുമെന്നും ഖത്തറിന്റെ ഏറ്റവും വലിയ ബിസിനസ് പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
പി.എച്ച്.ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ഇന്റർനാഷനൽ അഫയേഴ്സ് കമ്മിറ്റി ഉപാധ്യക്ഷൻ സഞ്ജയ് ബെസ്വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾക്കായി ദോഹയിലെത്തിയത്. അൽ അഹ്ബാബിയുടെ നേതൃത്വത്തിലായിരുന്നു ഖത്തർ സംഘം. വ്യാപാര മേഖലയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണവും നിക്ഷേപ സാധ്യതകളും ചർച്ചയായി.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 28 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനാണ് ഇന്ത്യയും ഖത്തറും ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 13.2 ബില്യൺ ഡോളറാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായിരുന്നത്. ഇതിന് പുറമേ, ഖത്തറുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള ഇന്ത്യയുടെ ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Adjust Story Font
16

