സൗദി വഴി നാട്ടിലേക്ക് മടങ്ങാം; ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സഹായവുമായി ഖത്തർ ഇന്ത്യൻ എംബസി
അടിയന്തര സാഹചര്യങ്ങളിൽ സൽവ ലാൻഡ് ബോർഡർ ക്രോസിങ് വഴി ഖത്തറിൽ നിന്ന് സൗദിയിലേക്ക് പോകാനാകും

ദോഹ: ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കി ഖത്തർ ഇന്ത്യൻ എംബസി. സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റുകൾ ഉണ്ടെങ്കിലാണ് ഇതിന് സാധിക്കുക. നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രം സൗദിയിലേക്കുള്ള താത്കാലിക ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് ദോഹയിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷൻ ലിങ്ക് തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിലുള്ളവർക്ക് https://forms.gle/oTwqEQYa4z220X4W7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് ഖത്തറിലേക്കുള്ള ഇൻവേഡ് ഫ്‌ളൈറ്റ് ടിക്കറ്റിന്റെയും സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റിന്റെയും പകർപ്പുകൾ നൽകണം. സൽവ അതിർത്തി ക്രോസിങ്ങിലേക്കും തുടർന്ന് വിമാനത്താവളത്തിലേക്കും യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും വ്യക്തികൾ സ്വയം ചെയ്യണം. അത്തരം സൗകര്യങ്ങൾ ഒരുക്കാൻ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂർ ആവശ്യമായി വരും.
അടിയന്തര സാഹചര്യങ്ങളിൽ സൽവ ലാൻഡ് ബോർഡർ ക്രോസിങ് വഴി ഖത്തറിൽ നിന്ന് സൗദിയിലേക്ക് പോകാനാകും. യുഎസ്, യുകെ അല്ലെങ്കിൽ ഷെങ്കൻ വിസകൾ (കുറഞ്ഞത് ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവ) കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദിയിൽ ഓൺ അറൈവൽ വിസ ലഭിക്കും. സൗദി വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാർക്ക് നടപടിക്രമങ്ങൾ അനുസരിച്ച് സൗദി വിസക്ക് അപേക്ഷിക്കാം.
സുരക്ഷാ മാർഗനിർദേശങ്ങൾ
നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, രാജ്യത്തെ എല്ലാ ഇന്ത്യക്കാരും ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഖത്തറിലെ ഇന്ത്യൻ എംബസി ഓർമിപ്പിക്കുന്നത്. ഖത്തറിലെ എല്ലാ നിവാസികളും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നുമാണ് മന്ത്രാലയത്തിന്റെ നിർദേശം. ജനാലകളിൽ നിന്നും തുറന്ന പ്രദേശങ്ങളിൽ നിന്നും അകലം പാലിക്കാനും നിർദേശമുണ്ട്. ഖത്തർ അധികൃതരുടെ നിർദേശങ്ങൾ എംബസി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
വിമാന സർവീസ്
ഖത്തർ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നത് തുടരുകയാണ്. വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഖത്തർ എയർവേയ്സ് അടുത്ത അപ്ഡേറ്റ് 2026 മാർച്ച് 7 ന് ഖത്തർ സമയം രാവിലെ 9 മണിക്ക് നൽകും.
വിസകളുടെ കാലാവധി
കാലാവധി കഴിഞ്ഞതോ അവസാനിക്കാൻ പോകുന്നതോ ആയ എല്ലാ തരത്തിലുമുള്ള എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് കാലാവധി നീട്ടിയത്.
ഹെൽപ്പ്ലൈൻ
ഖത്തറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി ദോഹയിലെ ഇന്ത്യൻ എംബസി സദാ സജ്ജരാണ്. എംബസിയുടെ 24ഃ7 ഹെൽപ്പ്ലൈൻ നമ്പറുകൾ: +974 55647502, +97455362508. cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും സംശയങ്ങൾ ചോദിക്കാം. അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ട്രാൻസിറ്റ് യാത്രക്കാർക്ക് മടങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തുന്നുണ്ടെന്നും വിപുൽ അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളെയും ബന്ധപ്പെടാം.
Adjust Story Font
16

