ഇറാൻ ആക്രമണം; യുഎന്നിന് വീണ്ടും കത്തയച്ച് ഖത്തർ
വിഷയത്തിൽ ഖത്തർ അയയ്ക്കുന്ന പതിനാലാമത്തെ കത്താണിത്

ദോഹ: ഇറാന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് ഖത്തർ. ഇറാനെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തർ വീണ്ടും ഐക്യരാഷ്ട്ര സഭയ്ക്ക് കത്തു നൽകി. വിഷയത്തിൽ ഖത്തർ ഭരണകൂടം അയയ്ക്കുന്ന പതിനാലാമത്തെ കത്താണിത്.
അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ യുഎൻ രക്ഷാ കൗൺസിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ഖത്തർ കത്തിൽ ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങൾക്ക് തടയിടാനും കുറ്റവാളികളെ ശിക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസിനും രക്ഷാ കൗൺസിൽ പ്രസിഡന്റ് ജമാൽ ഫാരിസ് അൽ റുവൈഹിക്കുമാണ് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് അൽഥാനി വഴി ഖത്തർ കത്തു കൈമാറിയത്.
ഇറാൻ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ്. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. ഏപ്രിൽ എട്ടിന് ഏഴ് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ആക്രമിച്ചു. എന്നാൽ ഖത്തർ സായുധ സേന ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചാണ് ആക്രമണങ്ങളുണ്ടായത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നും ഖത്തർ കത്തിൽ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്നും, അത് നടപ്പാക്കാൻ രാജ്യം മടിക്കില്ലെന്നും കത്തിൽ ആവർത്തിച്ചു.
Adjust Story Font
16

