ദോഹയിലെ ഇസ്രായേൽ ആക്രമണം: 'ഇസ്രായേലിന്റെ ക്രിമിനൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം' - ഖത്തർ
ജനവാസ മേഖലയിലെ ആക്രമണം സമീപത്തെ താമസക്കാരുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയായെന്നും പ്രസ്താവനയിൽ പറയുന്നു

ദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിൽ അപലപിച്ച് ഖത്തർ. ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു.
'ഇസ്രയേലിന്റെ ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. കൂടാതെ ജനവാസ മേഖലയിലെ ആക്രമണം സമീപത്തെ താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണ്.' പ്രസ്താവനയിൽ പറയുന്നു.
'ഈ ആക്രമണത്തെ ശക്തമായി അപലപിക്കുമ്പോൾ തന്നെ. ഈ അശ്രദ്ധമായ ഇസ്രായേലി പെരുമാറ്റവും പ്രാദേശിക സുരക്ഷയിൽ അവർ തുടർച്ചയായി കൈകടത്തുന്നതും അവരുടെ സുരക്ഷയും പരമാധികാരവും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയും അനുവദിക്കില്ലെന്ന് ഖത്തർ രാജ്യം ഉറപ്പിച്ചു പറയുന്നു. ഉന്നത തലത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കും.' പ്രസ്താവന കൂട്ടിച്ചേർത്തു.
അതേസമയം, ദോഹയിൽ ഇസ്രായേൽ ലക്ഷ്യമിട്ട സ്ഥലം ഒരു ഒറ്റപ്പെട്ട പ്രദേശമല്ലെന്നും മറിച്ച് ഒരു ജനവാസ മേഖലയാണെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലം സുരക്ഷിതമാക്കുകയും നാശനഷ്ടങ്ങളും ആളപായവും കണ്ടെത്തുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 'സുരക്ഷാ നടപടിക്രമങ്ങൾ വളരെ സങ്കീർണ്ണമാണ്. കാരണം നമ്മൾ വളരെ സെൻസിറ്റീവ് ആയ സ്ഥലത്താണ് ആക്രമണം നടന്നത്.' അൽ ജസീറ റിപ്പോർട്ട്.
Adjust Story Font
16

