കെനിയ വാഹനാപകടം; പരിക്കേറ്റവർ അപകടനില തരണം ചെയ്തു
മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ചു പേർ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്

ദോഹ: കെനിയയിൽ അപകടത്തിൽ പെട്ട വിനോദയാത്രാ സംഘത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെയും മറ്റെന്നാളുമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ചു പേർ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്. സാരമായി പരിക്കേറ്റവര്‍ ഉള്‍പ്പെടെ എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായി. എംബാം ചെയ്ത മൃതദേഹങ്ങൾ ഇന്ന് തലസ്ഥാന നഗരമായ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒപ്പമുള്ള ബന്ധുക്കൾക്ക് യാത്രചെയ്യാൻ സാധ്യമാവുന്ന സാഹചര്യത്തിൽ മാത്രമേ മൃതദേഹവും നാട്ടിലെത്തിക്കൂവെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിൽ നിന്നുള്ള 28 അംഗ വിനോദയാത്രാ സംഘം തിങ്കളാഴ്ചയാണ് മധ്യകെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽ പെട്ടത്. പാലക്കാട് സ്വദേശികളായ റിയ ആൻ , മകൾ ടൈറ , തൃശൂർ സ്വദേശിനി ജസ്ന മകൾ റൂഹി മെഹ്റിൻ , തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. മരിച്ച ജസ്നയുടെ വീട് മണലൂർ MLA മുരളി പെരുന്നല്ലി സന്ദർശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് എംഎൽഎ പറഞ്ഞു. 14 മലയാളികളാണ് 28 അംഗ വിനോദ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ചയാണ് ഇവര്‍ ദോഹയില്‍ നിന്നും കെനിയയിലേക്ക് തിരിച്ചത്.
Adjust Story Font
16

