Quantcast

ദോഹയിൽ നിന്ന് കൂടുതൽ വിദേശ എയർലൈൻസുകളുടെ സർവീസ് പ്രഖ്യാപിച്ചു

ഇന്ത്യയിൽ നിന്നുള്ള എയർലൈൻസുകൾ ഇതിലില്ല

MediaOne Logo

Web Desk

  • Published:

    26 April 2026 10:12 PM IST

ദോഹയിൽ നിന്ന് കൂടുതൽ വിദേശ എയർലൈൻസുകളുടെ സർവീസ് പ്രഖ്യാപിച്ചു
X

ദോഹ: ഖത്തറിൽ നിന്ന് കൂടുതൽ വിദേശ എയർലൈൻസുകളുടെ സർവീസ് പ്രഖ്യാപിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഇന്നു മുതൽ ജൂലൈ ഒന്നു വരെയുള്ള തിയ്യതികളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ വിവരങ്ങളാണ് അധികൃതർ പങ്കുവച്ചത്. ഇന്ത്യയിൽ നിന്നുള്ള എയർലൈൻസുകൾ ഇതിലില്ല.

ജൂലൈ ഒന്നു വരെ എട്ട് വിദേശ വിമാനക്കമ്പനികൾ കൂടി ദോഹയിൽ നിന്ന് സർവീസ് നടത്തുമെന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചത്. ഇന്നും നാളെയുമായി ബദ്ർ എയർലൈൻസ്, സിറിയൻ എയർ, ഈജിപ്ത് എയർ, ഹിമാലയ എയർലൈൻസ് എന്നിവ സർവീസുകൾ പുനഃരാരംഭിക്കും. മെയ് ഒന്നിന് ഗൾഫ് എയർ, മെയ് നാലിന് എതോപ്യൻ എയർലൈൻസ്, മെയ് ആറിന് അഫ്ഗാനിൽ നിന്നുള്ള കാം എയർ എന്നിവയും ദോഹയിൽ നിന്നുള്ള സേവനം ആരംഭിക്കുന്നുണ്ട്. റോയൽ എയർ മറോക് ജൂലൈ ഒന്നിന് സർവീസ് തുടങ്ങും.

ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പങ്കുവച്ചത്. അതേസമയം, എയർ ഇന്ത്യ, ഇൻഡിഗോ അടക്കം ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസ് അപ്ഡേറ്റുകൾ വിമാനത്താവളം അറിയിച്ചിട്ടില്ല.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്ക് കൂടി സർവീസ് നടത്താൻ കഴിഞ്ഞയാഴ്ചയാണ് ഖത്തർ സിവിൽ വ്യോമയാന അതോറിറ്റി അനുമതി നൽകിയത്. ഇതിന് പിന്നാലെ, ഫ്ളൈ ദുബൈ, എയർ അറേബ്യ അടക്കം എട്ട് വിദേശ എയർലൈൻസുകൾ ദോഹയിൽ നിന്നുള്ള സർവീസ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. യുഎസ്-ഇറാൻ യുദ്ധത്തിനു ശേഷം ഖത്തർ എയർവേയ്സ് മാത്രമാണ് രാജ്യത്ത് നിന്ന് നേരത്തെ സർവീസ് നടത്തിയിരുന്നത്.

TAGS :

Next Story