യുഎന്നിൽ ഖത്തറിന് സമ്പൂർണ പിന്തുണ നൽകി രാഷ്ട്രങ്ങൾ
യൂറോപ്യൻ നേതാക്കളും ദോഹയിലേത് അടക്കമുള്ള ആക്രമണങ്ങളിൽ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ചു

ദോഹ: ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭയിൽ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. ഇസ്രായേലിന്റേത് ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് യുഎന്നിൽ സംസാരിച്ച നേതാക്കൾ തുറന്നടിച്ചു. വിഷയത്തിൽ ഇസ്രായേലിന് അനുകൂലമായി ഒരു രാഷ്ട്രം പോലും നിലപാടെടുത്തില്ല.
ഫലസ്തീൻ വിഷയം ചർച്ച ചെയ്യാൻ സമ്മേളിച്ച യുഎൻ പൊതുസഭയിൽ, ദോഹയിൽ സെപ്തംബർ ഒമ്പതിന് നടന്ന ഇസ്രായേൽ ആക്രമണവും പലകുറി പരാമർശിക്കപ്പെട്ടു. അറബ് ഭരണാധികാരികൾക്കു പുറമേ, യൂറോപ്യൻ നേതാക്കളും ദോഹയിലേത് അടക്കമുള്ള ആക്രമണങ്ങളിൽ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ചു. മറ്റൊരു രാഷ്ട്രത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി.
നിയന്ത്രണങ്ങൾക്കപ്പുറത്താണ് ഇസ്രായേൽ നേതൃത്വം എന്നാണ് തുർക്കി പ്രസിഡണ്ട് റജബ് ഉർദുഗാൻ ചൂണ്ടിക്കാട്ടിയത്. ആക്രമണത്തിലൂടെ മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേലിന്റെ നീക്കം എന്നായിരുന്നു ഇറാൻ പ്രസിഡണ്ട് മസ്ഊദ് പെസഷ്‌കിയാന്റെ കുറ്റപ്പെടുത്തൽ. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. യുഎന്നുമായി ചേർന്ന് ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
പൊതുസഭയിൽ സംസാരിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും വിഷയം ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ ശക്തമായി അവതരിപ്പിച്ചു. ഖത്തറിന്റെ സഹിഷ്ണുത ദൗർബല്യമായി ഇസ്രായേൽ കണക്കാക്കരുതെന്ന് അദ്ദേഹം മുന്നറിയപ്പു നൽകി. ദോഹയിൽ നടന്ന ആക്രമണം ഭരണകൂട ഭീകരത തന്നെയാണ്. നയതന്ത്ര ശ്രമങ്ങൾ അട്ടിമറിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ബന്ദികളെ മോചിപ്പിക്കാനല്ല, യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് ഇസ്രായേൽ ഭരണകൂടം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Adjust Story Font
16

