ഖത്തറില്‍ സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ജൂണ്‍ 5 മുതല്‍ 9 വരെയാണ് അവധി

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 5 മുതല്‍ 9 വരെയാണ് അവധി. വെടിക്കെട്ടുള്‍പ്പെടെ വര്‍ണാഭമായി പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് രാജ്യം.
വ്യാഴാഴ്ചയാണ് ഇത്തവണ പെരുന്നാള്‍ അവധി തുടങ്ങുന്നത്. തിങ്കളാഴ്ച അവധി കഴിഞ്ഞ് ചൊവ്വാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. ധനകാര്യ സ്ഥാപനങ്ങളുടെ അവധി പതിവുപോലെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സ്വകാര്യ മേഖലയിലെ അവധി തൊഴില്‍ മന്ത്രാലയവും പ്രഖ്യാപിക്കും. അതേ സമയം പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കതാറയും വക്ര ഓള്‍ഡ് സൂഖും വെടിക്കെട്ടോടെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. കതാറയില്‍ ഈ മാസം ആറ് മുതല്‍ 8 വരെയും വക്ര ഓള്‍ഡ് സൂഖില്‍ 6 മുതല്‍ 9 വരെയുമാണ് വെടിക്കെട്ടുള്ളത്. മാള്‍ ഓഫ് ഖത്തറില്‍ പെരുന്നാള്‍ ദിനം മുതല്‍ 14 വരെ സാംബ കാര്‍ണിവല്‍ നടക്കും. ഈ മാസം ഏഴിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 974 ബീച്ചില്‍ ഈദ് കാര്‍ണിവലും ഒരുക്കുന്നുണ്ട്. രാവിലെ എട്ട് മുതല്‍ തുടങ്ങുന്ന പരിപാടികള്‍ രാത്രി 11 വരെ തുടരും.
Adjust Story Font
16

