പെരുന്നാൾ ഒരുക്കത്തിൽ ഖത്തർ; വിപുലമായ പരിശോധനകളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ബലി അറുക്കുന്നതിന് മുമ്പും ശേഷവും പരിശോധന നടത്തി രോഗങ്ങളില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നും ഉറപ്പാക്കും

ദോഹ: ബലിപെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാണ്. സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സുരക്ഷിതമായ അന്തരീക്ഷത്തിൽ പെരുന്നാളും അവധി ദിനങ്ങളും ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ. ഇതിന്റെ ഭാഗമായി ആരോഗ്യ -സുരക്ഷാ പരിശോധനകൾ, ഫീൽഡ് സർവീസുകൾ, പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഉറപ്പാക്കി വരികയാണ്. റെസ്റ്ററന്റുകൾ, ബേക്കറികൾ, ഇറച്ചി -മത്സ്യ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ബലിമൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ അറവുശാലകളിൽ പരിശോധന നടത്തുന്നതിനായി കൂടുതൽ വെറ്ററിനറി ഡോക്ടർമാരെയും ഇൻസ്പെക്ടർമാരെയും നിയോഗിച്ചു. പെരുന്നാൾ ദിനങ്ങളിൽ 24 മണിക്കൂറും ഇവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കും. ബലി അറുക്കുന്നതിന് മുമ്പും ശേഷവും പരിശോധന നടത്തി രോഗങ്ങളില്ലെന്നും ഭക്ഷ്യ യോഗ്യമാണെന്നും ഉറപ്പാക്കും. ആരോഗ്യമുള്ള ബലിമൃഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ലൈസൻസുള്ള അറവുശാലകളിൽ മാത്രം ബലി നടത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഈദ് ഗാഹുകൾ, പള്ളികൾ, മാർക്കറ്റുകൾ, താമസ സ്ഥലങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ അണുനശീകരണ പ്രയോഗങ്ങളും നടത്തിവരികയാണ്. അനുമതിയില്ലാത്ത പരസ്യങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

