Quantcast

പൊതുഗതാഗത സൗകര്യം: ഖത്തറിന് മേഖലയിൽ ഒന്നാം സ്ഥാനം

യുഐടിപി തയ്യാറാക്കിയ മിന ട്രാൻസ്‌പോർട്ട് റിപ്പോർട്ടിലാണ് ഖത്തർ മികച്ച നേട്ടം സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    9 Jun 2025 9:58 PM IST

Qatar ranks first in the region in terms of public transport facilities
X

ദോഹ: പൊതുഗതാഗത സൗകര്യങ്ങളിൽ മേഖലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ. അന്താരാഷ്ട്ര പൊതുഗതാഗത അസോസിയേഷൻ (യുഐടിപി) തയ്യാറാക്കിയ മിന ട്രാൻസ്‌പോർട്ട് റിപ്പോർട്ടിലാണ് ഖത്തർ മികച്ച നേട്ടം സ്വന്തമാക്കിയത്. മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ 14 രാജ്യങ്ങളിലെ 40 നഗരങ്ങളിലെ ഗതാഗത സംവിധാനമാണ് യുഐടിപി റിപ്പോർട്ടിനായി വിലയിരുത്തിയത്.

ഖത്തറിലെ ജനസംഖ്യയുടെ 91.7 ശതമാനത്തിനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആക്‌സസുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. തലസ്ഥാന നഗരമായ ദോഹ മികച്ച റോഡുകളുടെ കാര്യത്തിലും പൊതുഗതാഗത വാഹനങ്ങളുടെ കാര്യത്തിലും മുൻനിരയിൽ ഇടംപിടിച്ചു. ദോഹയിൽ 10 ലക്ഷം പേർക്ക് 969 ബസുകളും 278 മെട്രോ കോച്ചുകളുമുണ്ട്. ആഗോള തലത്തിൽ തന്നെ ഇക്കാര്യത്തിൽ വൻ നഗരങ്ങളിൽ ആദ്യ നാലിലുണ്ട്.

പൊതുഗതാഗത സംതൃപ്തിയിൽ ആംസ്റ്റർഡാം, ജനീവ, സിംഗപ്പൂർ പോലുള്ള നഗരങ്ങൾക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. യാത്രാ നിരക്കിന്റെ കാര്യത്തിലും മികച്ച സ്ഥാനമാണ് ഖത്തറിന്. ഇന്റഗ്രേറ്റഡ് പൊതുഗതാഗത സംവിധാനങ്ങളാണ് ഖത്തറിന് മികച്ച നേട്ടം സമ്മാനിച്ചത്. നഗരവുമായി ചേർന്ന മിക്കയിടങ്ങളെയും മെട്രോ ലിങ്ക് ബസുമായി സംയോജിപ്പിച്ചിട്ടുണ്ട്. ലുസൈൽ, എജ്യുക്കേഷൻ സിറ്റി, മിശൈരിബ് എന്നിവിടങ്ങളിൽ ട്രാം സർവീസുമുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി 2030 ഓടെ പൂർണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറാനൊരുങ്ങുകയാണ് രാജ്യം.

TAGS :

Next Story