ഖത്തർ അമീർ തുർക്കിയിൽ; പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുത്തു
തുർക്കി പ്രസിഡണ്ടിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം

ദോഹ: ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ അമീർ തുർക്കിയിലെത്തി. തുർക്കി പ്രസിഡണ്ടിന്റെ ക്ഷണ പ്രകാരമാണ് സന്ദർശനം. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു.
യുഎന്നിന്റെ മുപ്പത്തിയൊന്നാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ COP 31-ൽ പങ്കെടുക്കാനാണ് ഖത്തർ അമീർ തുർക്കിയിലെ അന്റാലിയയിലെത്തിയത്. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ 95 രാഷ്ട്രങ്ങളിൽ നിന്നുള്ള 102 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്ന് സിറിയൻ പ്രസിഡണ്ട് അഹ്മദ് അൽ ഷാറയുമായും എതോപ്യൻ പ്രസിഡണ്ട് അബി അഹ്മദ് അലിയുമായും അമീർ ചർച്ച നടത്തി. വെള്ളിയാഴ്ച തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാനുമായി പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോള പ്രവർത്തനങ്ങൾ, കാർബൺ ബഹിർഗമനം കുറയ്ക്കൽ, പുനരുപയോഗ ഊർജത്തിന്റെ പ്രോത്സാഹനം, കാലാവസ്ഥാ ധനസഹായം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
Adjust Story Font
16

