ഖത്തറിൽ സ്കൂളുകൾ വീണ്ടും തുറന്നു
നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ന് ക്ലാസ് മുറികളിലെത്തിയത്

ദോഹ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ ഖത്തറിലെ സ്കൂളുകൾ വീണ്ടും തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്ന് ക്ലാസ് മുറികളിലെത്തിയത്. കർശനമായ സുരക്ഷാ മുൻകരുതലുകൾക്ക് ശേഷമാണ് ഓഫ് ലൈൻ പഠനം പുനഃരാരംഭിച്ചത്.
അടിയന്തര സാഹചര്യത്തിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ, ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് രാജ്യത്തെ സ്കൂളുകൾ ഇന്നു വീണ്ടും തുറന്നത്. 4.17 ലക്ഷം വിദ്യാർഥികൾ ഇന്ന് വിദ്യാലയങ്ങളിലെത്തി. വിദ്യാഭ്യാസ മന്ത്രി ലുൽവ അൽ ഖാതിർ വിവിധ സ്കൂളുകൾ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം സുരക്ഷാ, ഒഴിപ്പിക്കൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേക അസംബ്ലി പോയിന്റുകൾ, എമർജൻസി എക്സിറ്റുകൾ, തടസ്സരഹിത ഇടനാഴികൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അലാറം കേട്ടാൽ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് ശാന്തരായിരിക്കണം. നാഷണൽ വാണിങ് സിസ്റ്റത്തിലെ അറിയിപ്പുകൾ പാലിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കണം. സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും ഇക്കാര്യത്തിൽ ഡ്രൈവർമാർ ജാഗ്രത കാണിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Adjust Story Font
16

