Quantcast

നിയമലംഘകർക്ക് വിട്ടുവീഴ്ചയില്ല; സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 15,000ത്തിലധികം പേർ

നിയമനടപടികൾ പൂർത്തിയാക്കിയ 12,200 വിദേശികളെ നാടുകടത്തി

MediaOne Logo

Web Desk

  • Published:

    4 July 2026 4:47 PM IST

15,600 violators apprehended and 12,000 deported in one week
X

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ ഫീൽഡ് കാമ്പയിനുകളിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15,000ത്തിലധികം നിയമലംഘകർ. 2026 ജൂൺ 25 മുതൽ ജൂലൈ 1 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,600 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ കൂടുതൽ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. 7,800 പേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്. അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 4,500 പേരും പിടിയിലായി. തൊഴിൽ നിയമലംഘനത്തിന് 3,300 പേരെയും പിടികൂടി.

നിയമവിരുദ്ധമായി അതിർത്തി കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,600 പേരെയും സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. ഇതിൽ 53 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 46 ശതമാനം പേർ യമനികളുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 58 പേരും, നിയമലംഘകർക്ക് താമസസൗകര്യം, ജോലി, യാത്രാസൗകര്യം എന്നിവ നൽകി ഒത്താശ ചെയ്ത 17 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. നിലവിൽ രണ്ടായിരത്തിലധികം സ്ത്രീകൾ ഉൾപ്പെടെ 27,400-ഓളം വിദേശികൾക്കെതിരെ രാജ്യത്ത് നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 16,900 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അവരുടെ രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തു. 4,100 പേരുടെ യാത്രാ ടിക്കറ്റ് ബുക്കിങ് നടപടികൾ പുരോഗമിക്കുമ്പോൾ, നിയമനടപടികൾ പൂർത്തിയാക്കിയ 12,200 നിയമലംഘകരെ ഇതിനകം സൗദിയിൽ നിന്നും നാടുകടത്തിക്കഴിഞ്ഞു.

അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നവർക്ക് അഭയമോ ജോലിയോ ട്രാൻസ്പോർട്ട് സൗകര്യങ്ങളോ നൽകുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. ഇതോടൊപ്പം ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ഇവരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

TAGS :

Next Story