നാളെ കൊച്ചിയിലേക്ക് ജിദ്ദയിൽ നിന്ന് ചാർട്ടേഡ് വിമാനം; ഉംറക്കാർക്ക് മടങ്ങാൻ സംവിധാനമാകുന്നു
ചിലർ മറ്റു ജിസിസി രാജ്യങ്ങൾ വഴി കണക്ഷൻ ഫ്ളൈറ്റുകളിലും നാട്ടിലേക്ക് മടങ്ങും

ജിദ്ദ: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഉംറക്കാർക്ക് മടങ്ങാൻ സംവിധാനമാകുന്നു. നാളെ കൊച്ചിയിലേക്ക് ജിദ്ദയിൽ നിന്ന് സ്വകാര്യ ഗ്രൂപ്പുകളുടെ ചാർട്ടേഡ് വിമാനം സർവീസ് നടത്തും. ചിലർ മറ്റു ജിസിസി രാജ്യങ്ങൾ വഴി കണക്ഷൻ ഫ്ളൈറ്റുകളിലും നാട്ടിലേക്ക് മടങ്ങും. ഭൂരിഭാഗം തീർഥാടകർക്കും നിലവിൽ യാത്രക്ക് സൗകര്യമായിട്ടുണ്ട്.
അതേസമയം, സൗദിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ ഒക്ടോബർ 20 വരെ എല്ലാ റൂട്ടുകളിലും തുടരും. ആകാശ എയർ - റിയാദ് സർവീസ് ഒക്ടോബർ 24 വരെയും ജിദ്ദ സർവീസ് ഒക്ടോബർ 21 വരെയും റദ്ദാക്കും. ഇൻഡിഗോ സർവീസ് റദ്ദാക്കൽ ഒക്ടോബർ 24 വരെ എല്ലാ റൂട്ടുകളിലും തുടരും.
അതേസമയം, ഒക്ടോബർ 17, 18 തീയതികളിൽ ദമ്മാം-മുംബൈ റൂട്ടിൽ സർവീസ് നടത്തുമെന്ന് ഫ്ളൈഅദീൽ അറിയിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൗദിയ എയർലൈൻസ് ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ നടത്തുന്നുണ്ടെന്ന് എംബസി അറിയിച്ചു. ദമ്മാം-ലഖ്നൗ റൂട്ടിൽ ഫ്ളൈനാസും സർവീസുകൾ നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പുതുതായി വരുന്നവർ നിലവിലെ സ്ഥിതി പരിഗണിക്കണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓർമിപ്പിച്ചിരുന്നു. കണക്ഷൻ വിമാനങ്ങളിലും മറ്റും സൗദിയിലെത്തുന്നവർ നിലവിലെ സാഹചര്യം പരിഗണിക്കണമെന്നും തിരികെ പോകാൻ വിമാനങ്ങൾ ലഭിക്കാത്തതാണ് സാഹചര്യമെന്നുമായിരുന്നു മുന്നറിയിപ്പ്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അറിയിച്ചു.
Adjust Story Font
16

