ഹാജിമാർക്ക് സ്നേഹ സമ്മാനം...; ജിദ്ദ വിമാനത്താവളത്തിൽ 80 ഭാഷകളിൽ ഖുർആൻ പരിഭാഷ വിതരണം തുടങ്ങി
19 ലക്ഷം ഖുർആൻ പ്രതികളാണ് കാമ്പയിനിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്

ജിദ്ദ: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ജന്മനാടുകളിലേക്ക് മടങ്ങുന്ന അന്താരാഷ്ട്ര തീർഥാടകർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സമ്മാനമായ വിശുദ്ധ ഖുർആൻ പ്രതികളുടെ വിതരണം ആരംഭിച്ചു. ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ മക്ക റീജിയൺ ബ്രാഞ്ചാണ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളുകളിൽ വിതരണത്തിന് നേതൃത്വം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് തങ്ങളുടെ മാതൃഭാഷയിൽ തന്നെ ഖുർആൻ സൂക്തങ്ങൾ വായിച്ചു മനസ്സിലാക്കാൻ പാകത്തിൽ 80-ലധികം വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത പ്രതികളാണ് ലഭ്യമാക്കിയിട്ടുള്ളത്.
തീർഥാടകർ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പായി ഖുർആൻ പ്രതികൾ കൈമാറുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്. മദീനയിലെ കിങ് ഫഹദ് കോംപ്ലക്സ് ഫോർ പ്രിന്റിങ് ദി ഹോളി ഖുർആൻ തയ്യാറാക്കിയ 19 ലക്ഷം ഖുർആൻ പ്രതികളാണ് ഈ കാമ്പയിനിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ, തുറമുഖങ്ങൾ എന്നിവടങ്ങൾ വഴി മടങ്ങുന്ന തീർഥാടകർക്കായി 24 മണിക്കൂറും വിതരണ ശൃംഖല പ്രവർത്തിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
Adjust Story Font
16

