അസീർ മലനിരകളിൽ കാപ്പി വസന്തം; പ്രതിവർഷ ഉൽപാദനം 82,972 കിലോയിലധികമെന്ന് കണക്കുകൾ
കോഫി ഫെസ്റ്റിവൽ ഏപ്രിൽ 28-മെയ് 1 വരെ നടക്കും

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ കാപ്പി ഉല്പാദനത്തിൽ വിപ്ലവകരമായ വളർച്ച. റിജാൽ അൽമയിലെ കോഫി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രതിവർഷം 82,972 കിലോയിലധികം കാപ്പിയാണ് പ്രദേശത്ത് ഉല്പാദിപ്പിക്കുന്നത്. കാർഷിക മേഖലയുടെ വിപുലീകരണവും കർഷകരുടെ താൽപര്യവുമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ.
അസീർ പ്രവിശ്യയിൽ നിലവിൽ 764 സജീവമായ കാപ്പി തോട്ടങ്ങളുണ്ട്. ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനായി നൂതന കൃഷിരീതികളാണ് ഇവിടെ പിന്തുടരുന്നത്. ആകെ 2,54,000 കാപ്പി മരങ്ങളാണ് പ്രവിശ്യയിലുള്ളത്. ഇതിൽ 1,43,000 മരങ്ങളും ഇപ്പോൾ വിളവെടുത്തു തുടങ്ങിയിട്ടുണ്ട്. മലനിരകളിലെ തട്ടുതട്ടായുള്ള കൃഷിരീതിയും സമതലങ്ങളിലെ കൃഷിയും കാപ്പി ഉല്പാദനത്തിന് മുതൽക്കൂട്ടാകുന്നു.
റിജാൽ അൽമ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ മെയ് 1 വരെ മൂന്നാമത് കോഫി ഫെസ്റ്റിവൽ നടക്കും. ഗവൺമെന്റ്-സ്വകാര്യ സ്ഥാപനങ്ങളുടെയും കർഷകരുടെയും പങ്കാളിത്തത്തോടെ നടക്കുന്ന മേള, സൗദി കാപ്പിയുടെ ഗുണനിലവാരം ആഗോള വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. കാപ്പി കൃഷിക്ക് ലഭിക്കുന്ന വലിയ പിന്തുണ പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്കും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അലി സയ്യാദ് പറഞ്ഞു.
Adjust Story Font
16

