റിയാദിലെ പള്ളികളിൽ വിപുലമായ പരിശോധന; ലക്ഷ്യം മികച്ച സേവനവും പരിചരണവും
ഒരു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ പരിശോധനകൾ

റിയാദ്: സൗദിയിലെ പള്ളികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി അധികൃതർ. റിയാദ് പ്രവിശ്യയിൽ കഴിഞ്ഞ മേയിൽ മാത്രം മുപ്പതിനായിരത്തിലധികം കർശന പരിശോധനകളാണ് പൂർത്തിയാക്കിയത്. ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ റിയാദ് ശാഖയാണ് വിവിധ ഗവർണറേറ്റുകളിലായി ആകെ 31,300 ഓളം ഫീൽഡ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. പള്ളികളിലെ ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുക, വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ആരാധനാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ ഉറപ്പുവരുത്തുക എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ ഈ നീക്കത്തിലൂടെ പള്ളികളുടെ പരിപാലനത്തിലും വൃത്തിയിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
റിയാദ് പ്രവിശ്യയ്ക്ക് കീഴിലുള്ള 20 ഓളം ഗവർണറേറ്റുകളിലാണ് ഒരേസമയം ഈ പരിശോധനകൾ നടന്നത്. ഇതിൽ 5,600 പരിശോധനകൾ പൂർത്തിയാക്കിയ അൽ സുൽഫി ഗവർണറേറ്റാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. പള്ളികളിലെ അറ്റകുറ്റപ്പണികൾ, ശുചീകരണ പ്രവർത്തനങ്ങൾ, ദൈനംദിന നടത്തിപ്പ് എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പോരായ്മകൾ പരിഹരിക്കാനും ഈ ഫീൽഡ് ടൂറുകൾ വഴി സാധിച്ചു.
Adjust Story Font
16

