Quantcast

മക്ക- മദീന ഹറമുകളിൽ വിശ്വാസികളുടെ ഒഴുക്ക്; പള്ളിയുടെ മുകളിലെ നിലയും തുറന്നു

ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇരു ഹറമുകളിലും ആദ്യ ദിവസത്തെ തറാവീഹ് നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-03-23 18:37:17.0

Published:

23 March 2023 6:10 PM GMT

മക്ക- മദീന ഹറമുകളിൽ വിശ്വാസികളുടെ ഒഴുക്ക്; പള്ളിയുടെ മുകളിലെ നിലയും തുറന്നു
X

ജിദ്ദ: റമദാൻ ആരംഭിച്ചതോടെ മക്ക മദീന ഹറം പള്ളികളിൽ വിശ്വാസികളുടെ വൻ തിരക്ക്. വിശ്വാസികളുടെ ഒഴുക്ക് വർധിച്ചതോടെ ഹറം പള്ളിയുടെ മുകൾ ഭാഗവും പ്രാർത്ഥനക്കായി തുറന്ന് കൊടുത്തു. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇരു ഹറമുകളിലും ആദ്യ ദിവസത്തെ തറാവീഹ് നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തത്.

ഹറമിൽ ഭജനമിരിക്കാനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. വിശുദ്ധ റമദാൻ സമാഗതമായതോടെ വൻ തിരക്കാണ് മക്ക, മദീന ഹറം പള്ളികളിൽ കണ്ടുവരുന്നത്. ബുധനാഴ്ച വൈകുന്നേരം മുതൽ തന്നെ ഇരു ഹറമുകളിലേക്കുമുള്ള റോഡുകളിൽ തിരക്ക് പ്രകടമായിരുന്നു. തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുക്കാനും ഉംറ ചെയ്യാനുമായി വിശ്വാസികൾ ഹറമിലേക്കൊഴുകി. ആദ്യ ദിവസം തന്നെ ഹറം പള്ളിയുടെ മുറ്റവും ബേസ്മെൻ്റും റൂഫുമെല്ലാം വിശ്വാസികളെ കൊണ്ട് തിങ്ങി നിറഞ്ഞു.

തിരക്ക് വർധിച്ചതോടെ ഹറമിൻ്റെ മുകള്‍ ഭാഗത്തേക്കും വിശ്വാസികൾക്ക് പ്രവേശനം നൽകി തുടങ്ങി. ഇരു ഹറമുകളിലുമായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇന്നലെ നടന്ന തറാവീഹ് നമസ്കാരങ്ങളിലും പ്രാർഥനകളിലും പങ്കെടുത്തത്. റമാൻ മാസത്തിൻ്റെ പവിത്രമായ ദിനരാത്രങ്ങൾ ആരാധനക്കും പ്രാർത്ഥനകൾക്കുമായി നീക്കി വെക്കണമെന്ന് ഹറമിൽ നടത്തിയ പ്രഭാഷണത്തിൽ ഇരു ഹറം കാരാല്യം പ്രസിഡണ്ട് ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. മക്കയിലെ ഹറം പള്ളിയിൽ നടന്ന തറാവീഹ്, വിത്ർ നമസ്കാരങ്ങൾക്ക് ഷെയ്ഖ് യാസർ അൽ ദോസരി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് എന്നിവർ നേതൃത്വം നൽകി.

മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ നടന്ന അബ്ദുല്ല ബുഐജാൻ, അഹമദ് അൽ ഹുദൈഫി എന്നിവർ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകി. മക്കയിലെ ഹറം പള്ളിയിൽ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് ആചരിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. നുസുക്, തവക്കൽനാ ആപ്പുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. 2500 വിശ്വാസികൾക്ക് ഇത്തവണം ഇഅ്തികാഫിന് അവസരം നൽകുമെന്നും ഹറം കാര്യാലയം അറിയിച്ചു.

TAGS :

Next Story