'മസ്‌കത്ത് ഡോക്യുമെന്റിന്' ജിസിസി അംഗീകാരം; കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് നിരോധിച്ചു
കുട്ടികളുടെ താൽപര്യങ്ങൾക്കും സംരക്ഷണത്തിനും മുൻഗണന നൽകുന്നതാണ് ഈ പുതിയ നിയമങ്ങൾ

റിയാദ്: ജി.സി.സി രാജ്യങ്ങളിൽ അന്വേഷണ ഘട്ടത്തിലുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള മസ്‌കത്ത് ഡോക്യുമെന്റിന് ജിസിസി സുപ്രീം കൗൺസിൽ അംഗീകാരം നൽകി. ഇസ്‌ലാമിക ശരീഅത്ത് തത്വങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും മുൻനിർത്തി കുട്ടികളുടെ താൽപര്യങ്ങൾക്കും സംരക്ഷണത്തിനും മുൻഗണന നൽകുന്നതാണ് ഈ പുതിയ നിയമങ്ങൾ.
അന്വേഷണ പരിധിയിലുള്ള കുട്ടികളുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ കർശന നിരോധനമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും അന്വേഷണ വിവരങ്ങൾ അറിയാൻ അവകാശമുണ്ടാകില്ല. പ്രോസിക്യൂഷന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഇതിൽ ഇളവ് അനുവദിക്കൂ. കുട്ടികളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മൊഴി എടുക്കാൻ പാടില്ല.
രക്ഷിതാക്കളുടെയോ അവർ വിശ്വസിക്കുന്ന മറ്റൊരാളുടെയോ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളൂ. കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ കണക്കിലെടുത്ത് വേണം അന്വേഷണം നടത്താൻ. ചോദ്യം ചെയ്യൽ സമയം പരമാവധി കുറയ്ക്കുകയും ഒരൊറ്റ സെഷനിൽ തീർക്കാൻ ശ്രമിക്കുകയും വേണം. നിശബ്ദത പാലിക്കാനുള്ള കുട്ടിയുടെ അവകാശത്തെ മാനിക്കണം. തനിക്കെതിരെയുള്ള കുറ്റങ്ങൾ ലളിതമായ ഭാഷയിൽ കുട്ടിയെ ധരിപ്പിക്കണം. കൂടാതെ ഒരു സോഷ്യൽ വർക്കറുടെയോ വിദഗ്ധന്റെയോ സഹായം ഉറപ്പാക്കുകയും വേണം. എന്നിങ്ങനെയാണ് നിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Adjust Story Font
16

