ഹജ്ജ് തീർഥാടകരെ നിയമവിരുദ്ധമായി കടത്തിയാൽ 1 ലക്ഷം റിയാൽ പിഴ
ദുൽഖഅദ് 1 മുതൽ ദുൽ ഹിജ്ജ 14 വരെ ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും

ജിദ്ദ: അനുമതി പത്രം ഇല്ലാത്തവരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ കടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട്. നിയമം ലംഘിക്കുന്നവർക്ക് 1,00,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ദുൽഖഅദ് 1 മുതൽ ദുൽ ഹിജ്ജ 14 വരെ ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
സന്ദർശക വിസയിൽ എത്തിയവർ, ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർ, മക്കയിൽ താമസിക്കാനോ ജോലി ചെയ്യാനോ അനുമതിയില്ലാത്ത താമസക്കാർ എന്നിവരെ മക്കയിലേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല. നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനം കോടതി ഉത്തരവിലൂടെ കണ്ടുകെട്ടാൻ സാധ്യതയുണ്ട്. വാഹന ഉടമയോ പങ്കാളിയോ അറിഞ്ഞുകൊണ്ടാണ് നിയമലംഘനം നടത്തുന്നതെങ്കിൽ ഈ ശിക്ഷ നടപ്പിലാക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
എല്ലാ വാഹനങ്ങൾക്കും ഡ്രൈവർമാർക്കും കൃത്യമായ ലൈസൻസും ഓപ്പറേറ്റിങ് കാർഡുകളും ഉണ്ടായിരിക്കണം, നിശ്ചിത പാതകളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ, അനുമതിയില്ലാതെ ഹജ്ജ് മേഖലകളിൽ പ്രവേശിക്കരുത്, പരിശോധനാ കേന്ദ്രങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുക എന്നിവയാണ് അതോറിറ്റി നൽകുന്ന മറ്റ് നിർദേശങ്ങൾ.
Adjust Story Font
16

