എട്ടു മാസമായി ജോലിയും ശമ്പളവുമില്ല; സൗദിയിൽ ദുരിതത്തിലായി ഇരുന്നൂറിലേറെ ഇന്ത്യൻ തൊഴിലാളികൾ
ദുരിതത്തിലാക്കിയത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി

ദമ്മാം: എട്ടു മാസമായി സൗദിയിലെ ജുബൈലിൽ ജോലിയും ശമ്പളവുമില്ലാതെ ഇരുന്നൂറിലേറെ ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിൽ. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. മലയാളികൾ ഉൾപ്പെടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. ഇന്ത്യൻ എംബസിയുടെയും സൗദി തൊഴിൽ മന്ത്രാലയത്തിന്റെയെും സഹകരണത്തോടെ ജീവനക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ജുബൈൽ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ജീവനക്കാരാണ് മാസങ്ങളായി ദുരിതത്തിൽ കഴിയുന്നത്. മലയാളികൾ ഉൾപ്പെടെ 270 പേരാണ് സംഘത്തിലുള്ളത്.
കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് തൊഴിലാളികളെ പ്രയാസത്തിലാക്കിയത്. വിഷയത്തിൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളും കേന്ദ്രസർക്കാരിന് പരാതി നൽകിയിരുന്നു. തുടർന്ന് സൗദി ഇന്ത്യൻ എംബസി സൗദി തൊഴിൽമന്ത്രാലയവുമായി ചേർന്ന് വിഷയം പരിഹരിക്കാൻ ശ്രമങ്ങളാരംഭിച്ചതായി സാമൂഹ്യ രംഗത്തുള്ളവർ പറഞ്ഞു.
നേരത്തെ ഫൈനൽ എക്‌സിറ്റ് ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവരുടെ എക്‌സിറ്റ് വിസകൾ പുതുക്കി ലഭിക്കുന്നതിന് ജവാസാത്തുമായി ബന്ധപ്പെടും. നിയമ തടസങ്ങളില്ലാത്ത നൂറോളം വരുന്ന തൊഴിലാളികളുടെ എക്‌സിറ്റ് നടപടികൾ ഉടൻ പൂർത്തിയാക്കുന്നതിന് നടപടികൾ ആരംഭിച്ചതായും സാമൂഹിക പ്രവർത്തകൻ പറഞ്ഞു.
Adjust Story Font
16