2 ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മടങ്ങി
ഇന്നലെ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

റിയാദ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മടങ്ങി. ജിദ്ദയിൽ വെച്ച് ഇന്നലെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇന്ന് ഉച്ചയോടെ മെലോണി ഇറ്റലിയിലേക്ക് തിരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷ്അൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഇറ്റലിയിലെ സൗദി അംബാസഡർ ഫൈസൽ ബിൻ സത്താം രാജകുമാരൻ, ജിദ്ദ മേയർ സ്വാലിഹ് അൽ തുർക്കി തുടങ്ങിയ പ്രമുഖർ ചേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് യാത്രയയപ്പ് നൽകി.
ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ സൗദിയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ വികസന സാധ്യതകളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണമായ സൈനിക സംഘർഷങ്ങളും അവയുണ്ടാക്കുന്ന ആഘോള പ്രത്യാഘാതങ്ങളുമായിരുന്നു ചർച്ചയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ഊർജ വിതരണത്തിലെ സുരക്ഷയും നിലവിലെ സാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയിൽ വിലയിരുത്തി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സംയുക്തമായി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
Adjust Story Font
16

