Quantcast

മഴ നോക്കിയിരിക്കേണ്ട...; സൗദിയിൽ കഴിഞ്ഞ 40 വർഷവും ചൂടൻ മാസം‌ ജൂൺ തന്നെ

കൂടുതൽ ചൂട് കിഴക്കൻ പ്രവിശ്യയിലെന്ന് എൻ.സി.എം റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    4 Jun 2026 1:38 PM IST

June was the hottest in the Kingdom in 40 years
X

റിയാദ്: സൗദി അറേബ്യയിൽ വർഷത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂൺ മാറുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) റിപ്പോർട്ട്. 1985 മുതൽ 2025 വരെയുള്ള 40 വർഷത്തെ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ജൂൺ മാസത്തിലെ കടുത്ത താപവ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ജൂണിലെ സാധാരണ ശരാശരി താപനില 32.2 °C ഉം, ശരാശരി ഉയർന്ന താപനില 39.5°C ഉം ആണ്. ഇത് രാജ്യത്തെ വാർഷിക വേനൽക്കാലത്തിന്റെ പീക്ക് സമയമായി കണക്കാക്കപ്പെടുന്നു.

കിഴക്കൻ പ്രവിശ്യയിലും ഉൾപ്രദേശങ്ങളിലുമാണ് ജൂണിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താറുള്ളത്. എന്നാൽ തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും ചൂട് താരതമ്യേന കുറവാണ്. ജൂണിലെ സാധാരണ കുറഞ്ഞ ശരാശരി താപനില 24.4 °C ആണെങ്കിലും മിക്ക പ്രദേശങ്ങളിലും രാത്രികാലങ്ങളിലും ചൂടുള്ള കാലാവസ്ഥ തന്നെയാണ് അനുഭവപ്പെടാറുള്ളത്. റിപ്പോർട്ടനുസരിച്ച് വർഷത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസങ്ങളിൽ ഒന്ന് കൂടിയാണ് ജൂൺ. രാജ്യത്തെ ജൂൺ മാസത്തെ സാധാരണ ശരാശരി മഴ വെറും 1.58 മില്ലീമീറ്റർ മാത്രമാണ്. അസീർ, ജിസാൻ, അൽ ബഹ തുടങ്ങിയ തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിൽ മാത്രമാണ് സാധാരണയായി ജൂണിൽ മഴ കേന്ദ്രീകരിക്കാറുള്ളത്.

1996-ലാണ് ജൂൺ മാസത്തിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി മഴ (16.98 മില്ലീമീറ്റർ) ലഭിച്ചത്. അന്ന് ഷറൂറയിൽ ഒറ്റദിവസം കൊണ്ട് 53.8 മില്ലീമീറ്റർ മഴ പെയ്തത് ഇന്നും റെക്കോർഡാണ്. 1998 ജൂണിൽ നജ്‌റാനിൽ 43.5 മില്ലീമീറ്ററും, 1996 ജൂണിൽ ത്വാഇഫിൽ 37.1 മില്ലീമീറ്ററും മഴ ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടയിൽ 2024 ജൂൺ മാസത്തിലാണ് ഏറ്റവും ഉയർന്ന ശരാശരി പരമാവധി താപനില 41.52°C രേഖപ്പെടുത്തിയത്. ഈ വർഷം തന്നെ ഏറ്റവും ഉയർന്ന ശരാശരി കുറഞ്ഞ താപനില 27.04°Cഉം രേഖപ്പെടുത്തി.

വിവിധ പ്രവിശ്യകളിലെ റെക്കോർഡ് താപനില പരിശോധിച്ചാൽ 2010 ജൂൺ 15-ന് മക്കയിൽ രേഖപ്പെടുത്തിയത് 51.4°C ചൂടാണ്. കൂടാതെ, നിരീക്ഷണ കാലയളവിൽ മക്കയിൽ 45°Cന് മുകളിൽ ചൂട് പോയ 620-ലധികം കടുത്ത വേനൽ ദിനങ്ങളും ഉണ്ടായിട്ടുണ്ട്. 2010 ജൂൺ 23-ന് ജിദ്ദയിൽ 52°C താപനിലയും രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. 1985 ജൂണിൽ ഇവിടെ 11°C വരെ താപനില താഴ്ന്നിരുന്നു. അബഹയും അൽ ബഹയും രാജ്യത്തെ ഏറ്റവും കുറവ് ചൂടുള്ളതും മിതമായ കാലാവസ്ഥയുള്ളതുമായ പ്രദേശങ്ങളായി തുടരുന്നു.

TAGS :

Next Story