Quantcast

സിവിൽ കോഡിൽ സിപിഎമ്മിൻറെ രാഷ്ട്രീയ തട്ടിപ്പ് ലീഗ് തിരിച്ചറിഞ്ഞു: ദമ്മാം ഒഐസിസി

MediaOne Logo

Web Desk

  • Published:

    9 July 2023 8:25 PM GMT

സിവിൽ കോഡിൽ സിപിഎമ്മിൻറെ രാഷ്ട്രീയ   തട്ടിപ്പ് ലീഗ് തിരിച്ചറിഞ്ഞു: ദമ്മാം ഒഐസിസി
X

ദമ്മാം: സിവിൽ കോഡിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനെ ഒഴിവാക്കി ആർക്കും ഒരടിപോലും മുന്നോട്ട് പോകാനാവില്ലെന്ന ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം ലീഗിൻറെ യശസ്സുയർത്തിയെന്ന് ഒഐ സിസി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഏക സിവിൽ കോഡ് കേവലം മുസ്‌ലിം സമുദായത്തിൻറെ മാത്രം പ്രശ്‌നമാണെന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ തട്ടിപ്പ് നടത്താനുള്ള സിപിഎമ്മിൻറെ ശ്രമത്തിനേറ്റ കനത്ത പ്രഹരമാണ് ലീഗിൻറെ തീരുമാനമെന്നും ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി വിലയിരുത്തി.

ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ഇഎംഎസ്സാണ് ശക്തമായി വാദിച്ചത്. അതിനെ ഇകെ നായനാരും സുശീലാഗോപാലനും പിന്തുണ നൽകിയ ചരിത്രം സിപിഎം മറന്നുപോകരുത്. സിവിൽ കോഡ് വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ഇഎംഎസ്സിൻറെ നിലപാടിനെ തള്ളിപ്പറയുവാൻ സിപിഎം തയ്യാറാകണം. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ട് സത്യസന്ധതയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം മുസ്‌ലിം ലീഗിനുണ്ടെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.

മോദിയും ആർഎസ്സ്എസ്സും ആഗ്രഹിക്കുന്ന കാര്യമാണ് കേരളത്തിൽ സിപിഎം ആസൂത്രണം ചെയ്യുന്നത്. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്നമാക്കി അവതരിപ്പിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ടാക്കിമാറ്റുകയാണ് ഇരു കൂട്ടരുടെയും ലക്ഷ്യം.

ബിജെപിയെപ്പോലെ വർഗ്ഗീയതയാണ് ഇപ്പോൾ സിപിഎമ്മിൻറെ കൈമുതൽ. ഈ രാഷ്ട്രീയ തട്ടിപ്പിൽ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ കുടുങ്ങില്ലെന്ന് സിപിഎമ്മിന് വൈകാതെ മനസ്സിലാകുമെന്ന് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ബിജെപിയുടെ ഏക സിവിൽ കോഡിൻറെ കരട് രൂപം പോലുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗത്തിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ്സ് ചാടിവീണ് പ്രതികരിച്ചില്ലെന്നും നിലപാട് സ്വീകരിച്ചില്ലെന്നുമുള്ള സിപിഎമ്മിൻറെ ആരോപണം തീർത്തും ബാലിശമാണ്. ഏക സിവിൽ കോഡിനെതിരെ തുടക്കം മുതൽ ദേശീയ തലത്തിൽ നിലപാട് സീകരിച്ചിട്ടുള്ള കോൺഗ്രസ്സ് സിപിഎമ്മിൻറെ ആക്ഷേപത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെയും മതന്യൂനപക്ഷ സമുദായങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള ഏക സിവിൽ കോഡ് നടപ്പിലാക്കുവാൻ അനുവദിക്കുകയില്ലെന്ന കോൺഗ്രസിൻറെ പ്രഖ്യാപിത നിലപാടിൽ നാളിതുവരെ മാറ്റം വരുത്തിയിട്ടില്ല.

ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. അത് തകർക്കുവാൻ ബിജെപി-സിപിഎം ഉൾപ്പെടെയുള്ള വോട്ട്ബാങ്ക് ലക്ഷ്യമിടുന്നവരുടെ രാഷ്ട്രീയ കാപട്യം ജനങ്ങളുടെ മുന്നിൽ എത്തിക്കുവാൻ പ്രവാസലോകത്തും ചർച്ചാ വേദികൾ സംഘടിപ്പിക്കുമെന്ന് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇകെ സലിമും വ്യക്തമാക്കി.

TAGS :

Next Story