മക്ക-പ്രതിരോധ സഹകരണ കരാറിന്റെ പേര് മാറ്റി
സൗദിയും തുർക്കിയും പാകിസ്താനുമാണ് കരാറിൽ ഒപ്പുവെച്ചിരുന്നത്

റിയാദ്: സൗദിയും തുർക്കിയും പാകിസ്താനും ഒപ്പുവെച്ച മക്ക-പ്രതിരോധ സഹകരണ കരാറിന്റെ പേര് മാറ്റി. ഏതെങ്കിലും രാജ്യത്തിനെതിരല്ല ഈ സഖ്യം എന്ന് വിശദീകരിച്ചുകൊണ്ടാണ് പേര് മാറ്റിയത്. മക്ക കരാർ എന്നാണ് ഇനി കരാർ അറിയപ്പെടുക. തുർക്കിയിൽ നടക്കുന്ന സഖ്യത്തിന്റെ ആദ്യ യോഗത്തിൽ പ്രതിരോധ മേഖലയിലെ സഹകരണം ചർച്ചയാകുന്നുണ്ട്. ഏഴ് പുതിയ രാജ്യങ്ങൾ കൂടി സഖ്യത്തിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയിൽ സൈനിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്നതിനിടെയാണ് സൗദിയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിലാണ് കരാർ ഒപ്പുവച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് എന്നിവർ കരാറിൽ ഒപ്പിട്ടു.
മേഖലയിൽ സുസ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ത്രിരാഷ്ട്ര സഖ്യത്തിന്റെ ലക്ഷ്യമെന്ന് കരാർ പറയുന്നു. ഏകദേശം ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമഘട്ടത്തിലെത്തിയത്. വർഷങ്ങളായി നിലനിൽക്കുന്ന ഉഭയകക്ഷി സൈനിക ബന്ധത്തിന്റെ തുടർച്ചയാണ് പുതിയ സഖ്യം. ദശകങ്ങളായി സൗദി സൈന്യത്തിന് പരിശീലനവും സാങ്കേതിക സഹായവും നൽകുന്നത് പാകിസ്താനാണ്.അതേസമയം തുർക്കിയും പാകിസ്താനും തമ്മിൽ യുദ്ധക്കപ്പലുകളും പരിശീലന വിമാനങ്ങളും കൈമാറുന്ന സൈനിക സഹകരണമുണ്ട്. 2023-ൽ തുർക്കിയിൽ നിന്ന് വൻതോതിൽ ഡ്രോണുകൾ വാങ്ങാൻ സൗദിയും കരാറിലെത്തിയിരുന്നു. മേഖലയിൽ ഇറാൻ അനുകൂല കക്ഷികളുടെ സൗദിക്കെതിരായ നീക്കം, ഇസ്രായേലിന്റെ മേഖലയിലെ തുടർനീക്കങ്ങൾ എന്നിവക്കെതിരെയും സഖ്യത്തിന്റെ രൂപീകരണം നിർണായകമാണ്. മേഖലയിൽ ഇറാൻ യുദ്ധത്തോടെ അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾക്കേറ്റ പോറലിന്റെ പശ്ചാത്തലവും കരാറിനുണ്ട്. ആക്രമണം എന്നതിനേക്കാൾ പ്രതിരോധം, മേഖലയിലെ സമാധാനം, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പുവരുത്തുകയാകും കരാർ ചെയ്യുക. കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ മൂന്ന് രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരും സൈനിക നേതൃത്വവും സംബന്ധിച്ചിരുന്നു.
Adjust Story Font
16

