Quantcast

ഇറാന് പകരം ഇസ്രായേലിലെ ആണവ കേന്ദ്രം ആക്രമിക്കലായിരുന്നു നീതി: തുർക്കി അൽഫൈസൽ രാജകുമാരൻ

സൗദി ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിന്റെ മകനാണ് തുർക്കി അൽഫൈസൽ രാജകുമാരൻ

MediaOne Logo

Web Desk

  • Updated:

    2025-06-28 09:18:37.0

Published:

28 Jun 2025 1:53 PM IST

Prince Turkey Al-Faisal against Israels nuclear facility
X

റിയാദ്: നീതിയുക്തമായ ലോകമായിരുന്നെങ്കിൽ ഇറാനു പകരം ഇസ്രായേലിലെ ആണവ കേന്ദ്രത്തിലായിരുന്നു ആക്രമണം നടക്കേണ്ടിയിരുന്നതെന്ന് സൗദിയിലെ തുർക്കി അൽഫൈസൽ രാജകുമാരൻ. ഇറാഖിനെതിരായ യുദ്ധത്തെ വിമർശിച്ച ട്രംപിന്റെ ഇരട്ടമുഖം ഇറാനിലെ ആക്രമണത്തിലൂടെ വ്യക്തമായി. അഫ്ഗാനിലും ഇറാഖിലും അനുഭവിച്ച അതേ പ്രശ്‌നം ഇറാനിലും നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് അധികാരമൊഴിയും വരെ താൻ യുഎസ് സന്ദർശിക്കില്ലെന്നും ഫൈസൽ രാജാവിന്റെ മകൻ വ്യക്തമാക്കി.

സൗദി ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിന്റെ മകനാണ് തുർക്കി അൽഫൈസൽ രാജകുമാരൻ. സൗദി ഇന്റലിജൻസ് വിഭാഗം മുൻ മേധാവിയും യുഎസിലേക്കുള്ള അംബാസിഡറുമായിരുന്നു. അറബ് മാധ്യമത്തിലാണ് ഇസ്രായേലിന്റേയും യുഎസിന്റേയും ഇരട്ട നിലപാടിനെതിരെ രാജകുമാരൻ ആഞ്ഞടിക്കുന്നത്. ഇതിലെ പ്രധാന ഭാഗങ്ങൾ ഇങ്ങിനെയാണ്: നീതിയുള്ള ലോകത്തല്ല നമ്മൾ ജീവിക്കുന്നത്. ആയിരുന്നെങ്കിൽ ബിടു ബോംബറുകൾ ആദ്യം ഇടേണ്ടിയിരുന്നത് ഇസ്രായേലിലെ ഡിമോണ ആണവ കേന്ദ്രത്തിലായിരുന്നു. ഇസ്രായേലിന്റെ കൈവശം ആണവ ബോംബുണ്ട്.

ആണവോർജ ഏജൻസിയെ അവർ പരിശോധനക്ക് അനുവദിക്കാറില്ല. ആണവ നിർവ്യാപന ഉടമ്പടിയിൽ അവർ ഭാഗവുമല്ല. ആരും ഇസ്രായേൽ ആണവ കേന്ദ്രങ്ങൾ പരിശോധിച്ചിട്ടില്ല. ഇസ്രായേലിന്റെ അന്ത്യത്തിന് വേണ്ടി ഇറാൻ പ്രസ്താവന നടത്തിയെന്നാണ് പലരുടേയും ആക്ഷേപം. എന്നാൽ 1996 ൽ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം, ഇറാനെ ആക്രമിക്കാനും ഭരണം അട്ടിമറിക്കാനും പറയുന്ന ഇസ്രായേലിനെതിരെ, യുഎസ് മിണ്ടുന്നില്ല. മറ്റു നേതാക്കളെ പോലെ സമാധാനത്തിന് വേണ്ടി വാദിക്കുന്ന ട്രംപ്, ഇരട്ട നിലപാട് എടുക്കരുതെന്നും അദ്ദേഹം പറയുന്നു. ഇറാഖിനെതിരായ യുഎസ് നീക്കത്തിനെതിരെ സംസാരിച്ച ആളാണ് ട്രംപ്. അതിന്റെ പ്രത്യാഘാതങ്ങലും ട്രംപ് വിശദീകരിച്ചിരുന്നു. അത് ഇറാന്റെ കാര്യത്തിലും അനുഭവിക്കേണ്ടി വരുമെന്നും നയതന്ത്രമാണ് ശരിയായ വഴിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫലസ്തീൻ വിഷയത്തിൽ പോലും പാശ്ചാത്യ ലോകത്ത് അവരുടെ ഭരണാധികാരികൾക്കെതിരെ നീക്കം നടക്കുന്നത് നല്ലതാണ്. ഇറാന്റെ ഭീഷണികൾ അവർക്ക് നാശമാണ് വരുത്തിയതെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളുടെ നിലപാടാണ് ഇതിൽ ശരിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്രായേലിന് യുഎസ് പ്രത്യേക പരിഗണന നൽകുന്നത് പ്രകടമാണ്. അതിനാൽ ഇരട്ട നിലപാട് യുഎസ് തുടരുന്ന കാലത്തോളം തന്റെ പിതാവ് ഫൈസൽ രാജാവിന്റെ വഴിയാണ് താൻ സ്വീകരിക്കുക. യുഎസ് പ്രസിഡണ്ട് ഹാരി എസ് ട്രൂമാൻ ഇസ്രായേലിനെ അംഗീകരിച്ചതോടെ അദ്ദേഹം അധികാരമൊഴിയും വരെ ഫൈസൽ രാജാവ് യുഎസ് സന്ദർശിച്ചിട്ടില്ല. ഇരട്ട നിലപാടുള്ള ട്രംപ് അധികാരമൊഴിയും വരെ താനും യുഎസ് സന്ദർശിക്കില്ലെന്നും തുർക്കി അൽ ഫൈസൽ രാജകുമാരൻ നിലപാട് വ്യക്തമാക്കി.

TAGS :

Next Story