Quantcast

അകത്തും പുറത്തും ക്യാമറ നിർബന്ധം..; സൗദിയിൽ സ്വകാര്യ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് പുതിയ നിബന്ധനകൾ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക സൗകര്യമൊരുക്കണം

MediaOne Logo

Web Desk

  • Published:

    29 March 2026 4:01 PM IST

Proposal: Indoor cameras in childcare centers to protect children from abuse and neglect
X

റിയാദ്: സൗദിയിലെ സ്വകാര്യ ചൈൽഡ് കെയർ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം പുതിയ കരട് നിയമങ്ങൾ പുറത്തിറക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചൂഷണങ്ങൾ തടയുന്നതിനും കർശന നിർദേശങ്ങളാണ് പുതിയ പരിഷ്കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും അകത്തും പുറത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ നിർബന്ധമാണ്. ഇതിലെ ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. പരാതികളുണ്ടായാൽ മന്ത്രാലയത്തിനും രക്ഷിതാക്കൾക്കും ഈ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവാദമുണ്ടാകും.

കുട്ടികൾക്കെതിരെയുള്ള ഏതെങ്കിലും തരത്തിലുള്ള അതിക്രമമോ, അവഗണനയോ, പീഡനമോ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. ഇത് ചെയ്യുന്നത് രക്ഷിതാക്കളാണെങ്കിൽ പോലും റിപ്പോർട്ട് ചെയ്യണം. കെയർ സെന്റർ ഡയറക്ടറും കുട്ടികളെ പരിചരിക്കുന്നവരും സൗദി പൗരന്മാരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഓരോ കുട്ടിക്കും കുറഞ്ഞത് രണ്ട് ചതുരശ്ര മീറ്റർ സ്ഥലം വീതം കെയർ ഏരിയയിൽ ഉണ്ടായിരിക്കണം. അനുമതിയുള്ള വനിതാ ജീവനക്കാർക്കും ഗുണഭോക്താക്കൾക്കും മാത്രമേ കേന്ദ്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കൂ.

പുതിയ നിയമപ്രകാരം ഇത്തരം കേന്ദ്രങ്ങളെ സ്വതന്ത്ര കേന്ദ്രങ്ങൾ, വീടുകൾ കേന്ദ്രീകരിച്ചുള്ളവ, ജോലിസ്ഥലങ്ങളിലെ കേന്ദ്രങ്ങൾ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ സ്വതന്ത്ര കേന്ദ്രങ്ങൾക്ക് രാവിലെ 6:00 മുതൽ രാത്രി 9:00 വരെ പ്രവർത്തിക്കാം. വീടുകൾ കേന്ദ്രീകരിച്ചുള്ളവയ്ക്ക് രാത്രി 10:00 മണി വരെ അനുമതിയുണ്ടാകും. ജോലിസ്ഥലങ്ങളിലെ കേന്ദ്രങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിലോ ദിവസേനയോ ഉള്ള താത്കാലിക സംരക്ഷണവും സ്ഥിരമായ സംരക്ഷണവും നൽകാവുന്നതാണ്.

മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച ഭിന്നശേഷിയുള്ള കുട്ടികളെയും കേന്ദ്രങ്ങൾ സ്വീകരിക്കണം. എന്നാൽ ഇതിനായി ഇവർക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങളും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും കേന്ദ്രത്തിലുണ്ടായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യം 30 ദിവസത്തെ സമയപരിധി നൽകി താക്കീത് നൽകും. രണ്ടാമത്തെ താക്കീതിൽ 15 ദിവസത്തെ സമയം നൽകും. എന്നിട്ടും തിരുത്തിയില്ലെങ്കിൽ ഒരു വർഷത്തേക്ക് പ്രവർത്തനം നിർത്തിവെപ്പിക്കാനോ ലൈസൻസ് റദ്ദാക്കാനോ മന്ത്രാലയത്തിന് അധികാരമുണ്ട്.

TAGS :

Next Story