സൗദിയിൽ വ്യാഴാഴ്ച വരെ മഴ തുടരും
കാലാവസ്ഥ തണുപ്പിലേക്ക് പ്രവേശിച്ചു

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മഴ തുടരുകയാണ്. റിയാദിലും കിഴക്കൻ പ്രവിശ്യയിലും പല ഭാഗത്തായി മഴയുണ്ട്. അതിശക്തമല്ലെങ്കിലും വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പ് തുടരും. റിയാദിൽ മഴ ആസ്വദിക്കാൻ വാദിയിലേക്ക് പോയ കുടുംബം അപകടത്തിൽ പെട്ട് മൂന്ന് സൗദികൾ മരണപ്പെട്ടു.
ഇന്നലെ മുതൽ തുള്ളിക്കൊരു കുടം കണക്കെയാണ് മഴ. അൽപ നേരം പെയ്താൽ തന്നെ പല ഭാഗത്തും വെള്ളക്കെട്ടാണ്. ഇടമുറിഞ്ഞാണ് മഴ. ഭൂരിഭാഗം സമയത്തും ശക്തമല്ല. എന്നാൽ മണലിൽ മഴ പെയ്താൽ വെള്ളം പൊങ്ങും. റിയാദിൽ ഇന്നലെ ഗതാഗതം താറുമാറായിരുന്നു. ഇന്ന് റിയാദ്, കിഴക്കൻ പ്രവിശ്യ, ഹാഇൽ, ഖസീം, അസീർ, ജിസാൻ മേഖലകളിൽ റെഡ് അലേർട്ടുണ്ട്.
ഇന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും റിയാദ് നഗരത്തിലേക്ക് കാര്യമായ മഴ എത്തിയിട്ടില്ല. അതേസമയം തണുപ്പ് കൂടി. റിയാദിലും കിഴക്കൻ പ്രവിശ്യയിലും സ്‌കൂളുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. വാരാന്ത്യം അടുത്തതോടെ റിയാദ്, ഖസീം, മദീന, കിഴക്കൻ പ്രവിശ്യാ ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്.
ഇന്ന് ഖസീം, ഹാഇൽ, അറാർ, കിഴക്കൻ പ്രവിശ്യകളിൽ മഴ മുന്നറിയിപ്പ് തുടരുകയാണ്. പോയ വാരം മഴ പെയ്ത മക്ക പ്രവിശ്യയിലെ പല ഭാഗത്തും പച്ചപ്പും പ്രത്യക്ഷപ്പെടുന്നുണ്ട്. ഹറമിലേക്ക് പോകുന്നവർ യാത്രയിൽ മുൻ കരുതലിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നതും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതും ഗുണമാകും. ആരോഗ്യ മന്ത്രാലയവും ഇക്കാര്യം ഓർമിപ്പിക്കുന്നുണ്ട്.
Adjust Story Font
16

