റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക വർധനാ നിരോധനം; നിയമം പ്രവാസികൾക്ക് നേട്ടം
നിയമവിരുദ്ധ നടപടികളെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് 12,000 റിയാൽ പാരിതോഷികം

റിയാദ്: റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക വർധന നിരോധിച്ച നിയമം പ്രവാസികൾക്ക് കൂടുതൽ ഗുണമാകും. വാടക കരാറുകൾ ഒരു വർഷം പിന്നിട്ടാലും കാരണമില്ലാതെ റദ്ദാക്കാനാകില്ല. ഈ രംഗത്തെ നിയമവിരുദ്ധ നടപടികൾ രഹസ്യ വിവരമായി നൽകുന്നവർക്ക് 12,000 റിയാൽ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടീഷ്യൻ ചെയ്ത കെട്ടിടടങ്ങൾക്കെതിരെ പരിശോധനയും റിയാദിൽ ശക്തമാക്കുന്നുണ്ട്.
ഇന്നലെയാണ് റിയാദിൽ വാടക നിരക്കിന് വിലക്കേർപ്പെടുത്തി സൗദി കിരീടാവകാശിയുടെ ഉത്തരവ് ഇറങ്ങിയത്. അനിയന്ത്രിതമായി ഉയരുന്ന വാടക നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഉത്തരവിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇത് പ്രകാരം, വാടക കരാർ റദ്ദാക്കാൻ താൽപര്യമുണ്ടെങ്കിൽ ഉടമസ്ഥൻ വാടകക്കാരനെ 60 ദിനം മുന്നേ അറിയിക്കണം. അല്ലാത്ത പക്ഷം കരാർ ഓട്ടോമാറ്റികായി പുതുക്കപ്പെടും. ഒരാളെ ഒഴിവാക്കി മറ്റൊരാളെ കയറ്റി വാടക ഉയർത്താൻ ഉടമസ്ഥന് കഴിയില്ല. അവസാന വാടക എത്രയാണോ പഴയ വാടകക്കാരന് ഈജാർ പ്രകാരം നൽകിയത്, അതേ ഇനിയുള്ള അഞ്ച് വർഷവും തുടരാനാകൂ. നിലവിൽ റിയാദിൽ ഒഴിഞ്ഞു കിടക്കുന്ന വാടക കെട്ടിടങ്ങൾക്ക് അവസാനം എത്ര തുകക്കാണോ നൽകിയത്, ആ തുകക്കേ നൽകാനാകൂ. കെട്ടിടത്തിൽ മാറ്റങ്ങളോ മറ്റോ വരുത്തിയെങ്കിൽ തുക വർധിപ്പിക്കാം. അതിന് പക്ഷേ മന്ത്രാലയ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ച് റിപ്പോർട്ട് നൽകിയ ശേഷമേ സാധിക്കൂ.
അനാവശ്യമായി ഒരു അപാർട്ട്‌മെന്റിൽ വാടക നിരക്ക് വർധിപ്പിച്ചത് ശ്രദ്ധയിൽ പെട്ടാൽ രഹസ്യമായി ആ വിവരം അതോറിറ്റിയെ അറിയിക്കാം. ഇതിന് 12,000 റിയാൽ വരെ റിവാഡായി നൽകും. കെട്ടിടം സ്വന്തം മകനോ കുടുംബത്തിനോ വേണ്ടി മാത്രം ഉടമസ്ഥന് ഒഴിപ്പിക്കാം. അതല്ലാത്തവർക്ക് നൽകിയാലും നടപടിയുണ്ടാകും. വാടക നൽകാതിരുന്നാൽ ഈജാർ രേഖ ചൂണ്ടിക്കാട്ടി ഉടമസ്ഥന് ഒഴിപ്പിക്കാം. കെട്ടിടത്തിൽ അപകടകരമായ രീതിയിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും ഉടമസ്ഥന് അത് കാണിച്ച് ഒഴിപ്പിക്കാം. പക്ഷേ ഇത് മന്ത്രാലയത്തെ അറിയിച്ച് പരിശോധന പൂർത്തിയാക്കേണ്ടി വരും.
റിയാദിൽ താമസിക്കുന്ന എല്ലാവരോടും ഈജാറിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതില്ലാത്ത കെട്ടിടങ്ങൾക്കും പാർട്ടീഷ്യൻ ചെയ്ത് ഉപയോഗിക്കുന്നവർക്കും പിഴയുണ്ടാകും. ഇക്കാര്യങ്ങൾ അതോറിറ്റിയിൽ പരാതിപ്പെടുകയും ചെയ്യാം. ഇതിനായി റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ rega.gov.sa എന്ന വെബ്‌സൈറ്റിലെ കോൺടാക്ട് അസ് എന്ന ടാബിലുള്ള കംബ്ലയിന്റ് ലിങ്ക് ഉപയോഗിക്കാം. സൗദി കിരീടാവകാശിയുടെ നീക്കം വരും മാസങ്ങളിൽ വാടക നിരക്ക് കുറക്കും. നിലവിൽ നിരവധി കെട്ടിടങ്ങൾ ഉയർന്ന വാടക വാങ്ങാൻ ഒഴിച്ചിട്ടതാണ്. ഇവയെല്ലാം ഇനി പഴയ നിരക്കിൽ നൽകേണ്ടി വരും. മാത്രവുമല്ല, പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ താമസം ആരംഭിക്കുന്നതോടെ പഴയ കെട്ടിടങ്ങൾ നിരക്ക് കുറക്കാനും നിർബന്ധിതരാകും. വ്യാപാരികൾക്കും പ്രവാസികൾക്കും കുടുംബങ്ങൾക്കും നേട്ടമാണ് നീക്കം.
Adjust Story Font
16

