Quantcast

സെക്കൻഡ് സതേൺ റിങ് റോഡ് പദ്ധതി 27% പൂർത്തിയായി; കുതിച്ചുപായാൻ റിയാദ്

56 കി.മീ. ദൈർഘ്യമുള്ളതാണ് പദ്ധതി

MediaOne Logo

Web Desk

  • Published:

    21 April 2026 4:45 PM IST

Riyadhs Second Southern Ring Road Project 27% Complete
X

റിയാദ്: സെക്കൻഡ് സതേൺ റിങ് റോഡ് പദ്ധതി നിർമാണം 27% പൂർത്തിയായതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ. പടിഞ്ഞാറ് ജിദ്ദ റോഡിൽ നിന്ന് കിഴക്ക് പുതിയ അൽ-ഖർജ് റോഡ് വരെയായി 56 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പദ്ധതി.

റിയാദിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായുള്ള മെയിൻ & റിങ് റോഡ് ആക്‌സസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടത്തിലെ പ്രധാന ഭാഗമാണിത്. 13 ബില്യൺ സൗദി റിയാലാണ് മൊത്തം പദ്ധതിക്കായി ചെലവിടുന്നത്.

സെക്കൻഡ് സതേൺ റിങ് റോഡ് പദ്ധതിയിൽ ഇരുദിശകളിലുമായി നാല് പ്രധാന പാതകളും മൂന്ന് സർവീസ് പാതകളുമുണ്ടാകും. പ്രതിദിനം 4,40,000 വാഹനങ്ങൾ കടന്നുപോകാൻ ശേഷിയുണ്ടാകും. 10 പ്രധാന ഇന്റർസെക്ഷനുകൾ, 32 ഫ്‌ളൈഓവറുകളും പാലങ്ങളും, 20 ടണലുകൾ, 77 മഴവെള്ള ഡ്രെയിനേജ് കൽവെർട്ടുകൾ എന്നിവയാണ് പദ്ധതിയിലുള്ളത്.



174 മീറ്റർ നീളവും 70 മീറ്റർ വീതിയുമുള്ള വാദി ഹനീഫ പാലം പദ്ധതിയിലെ ശ്രദ്ധേയ നിർമിതിയാകും. പ്രധാനപ്പെട്ട നിരവധി ഇന്റർസെക്ഷനുകൾ പദ്ധതിയിലുണ്ട്. ആറ് പാലങ്ങളുള്ള ജിദ്ദ റോഡ് ഇന്റർസെക്ഷൻ, എട്ട് പാലങ്ങളുള്ള ദിറാബ് റോഡ് ഇന്റർസെക്ഷൻ, മൂന്ന് പാലങ്ങൾ ഉൾപ്പെടുന്ന അൽ ഖർജ് റോഡ് ഇന്റർസെക്ഷൻ തുടങ്ങിയവയാണവ. ഇതിൽ ഏറ്റവും നീളമുള്ളത് അൽ ഖർജ് റോഡ് ഇന്റർസെക്ഷനാണ്. 642 മീറ്ററാണ് നീളം.

ദക്ഷിണ റിയാദിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പദ്ധതിയാകും സെക്കൻഡ് സതേൺ റിങ് റോഡ്. നഗരത്തിലെ 500 കിലോമീറ്ററിലധികം റോഡുകളുടെ നിർമാണവും നവീകരണവുമാണ് മെയിൻ & റിങ് റോഡ് ആക്‌സസ് ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ നടക്കുക.

TAGS :

Next Story