Quantcast

എണ്ണയുൽപ്പാദനം വർധിപ്പിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ

പുറം തള്ളുന്ന കാർബണിന്റെ അളവ് ക്രമേണ കുറച്ചു കൊണ്ടുവരാൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടത്തി വരുന്നതായും മന്ത്രി

MediaOne Logo

Web Desk

  • Published:

    1 March 2022 6:56 PM GMT

എണ്ണയുൽപ്പാദനം വർധിപ്പിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ
X

എണ്ണയുൽപാദനത്തിൽ വർധനവ് വരുത്താൻ പദ്ധതിയുള്ളതായി സൗദി അറേബ്യ. സൗദിയുടെ എണ്ണ ഉൽപ്പാദനം 13.5 ദശലക്ഷം ബാരലായി ഉയർത്താൻ ആഗ്രഹിക്കുന്നതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന് പറഞ്ഞു. ആഗോള തലത്തിൽ നേരിടുന്ന ഊർജ്ജ സ്രോതസ്സുകളുടെ കുറവ് പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഉൽപാദന വർധനവ്. ആഗോള തലത്തില് 3 ബില്യൺ മനുഷ്യർക്ക് യഥാർത്ഥ ഊർജ്ജ സ്രോതസ്സ് ലഭ്യമല്ലെന്ന് സ്ഥിരീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

2027ഓടെ രാജ്യം അതിന്റെ ഉൽപാദന ശേഷി പ്രതിദിനം 13.4 മുതൽ 13.5 ദശലക്ഷം ബാരൽ വരെയാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഊർജ മന്ത്രി വ്യക്തമാക്കി. ഒരു വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. സൗദി അറേബ്യ കാർബൺ ബഹിർഗമനത്തിൽ വലിയ കുറവ് വരുത്തി കൊണ്ടിരിക്കുകയാണ്. പുറം തള്ളുന്ന കാർബണിന്റെ അളവ് ക്രമേണ കുറച്ചു കൊണ്ടുവരാൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടത്തി വരുന്നതായും മന്ത്രി പറഞ്ഞു. 2060ന് മുമ്പ് സീറോ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള പദ്ധതി, കാർബൺ വേർതിരിക്കൽ സാങ്കേതികവിദ്യയുടെ വികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story