പിന്നാക്ക രാഷ്ട്രങ്ങളിലെ കായിക മേഖലയെ വികസിപ്പിക്കാൻ സൗദി
സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ കീഴിലാണ് പദ്ധതി

റിയാദ്:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാഷ്ട്രങ്ങളുടെ കായിക മേഖലയെ വികസിപ്പിക്കാൻ സൗദി അറേബ്യ സഹായവുമായി രംഗത്ത്. ഫിഫയുമായി ചേർന്ന് ഒരു ബില്ല്യൺ ഡോളറിന്റെ പദ്ധതികളാണ് ഇത്തരം രാഷ്ട്രങ്ങളിൽ നടപ്പാക്കുക. സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ കീഴിലാണ് പദ്ധതി. ഫിഫയാണ് ഇക്കാര്യം അറിയിച്ചത്.
ഫുട്ബോളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻതൂക്കം നൽകുക. അവികസിത വികസ്വര രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കും. കായിക സംവിധാനങ്ങൾ, ചെറുപ്പക്കാരെ കായിക മേഖലയിൽ ഉയർത്തികൊണ്ടുവരാനുള്ള പദ്ധതികൾ, ഇതു വഴിയുള്ള സാമ്പത്തിക വളർച്ച എന്നിവയാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്. ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഇത്തരം രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രസ്താവനയിൽ അറിയിച്ചു. ഫുട്ബോൾ എന്ന ആഗോള വികാരത്തെ പിന്നാക്ക രാഷ്ട്രങ്ങളിലേക്ക് കൂടി എത്തിക്കുകയാണ് ഇത് വഴി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ നിലവിൽ കായിക മേഖലയിലെ വിവിധ പദ്ധതികളിൽ വൻ നിക്ഷേപമാണ് നടത്തുന്നത്. ഫുട്ബോൾ, ഫോർമുല വൺ, ബോക്‌സിങ്, ഗോൾഫ് ഉൾപ്പടെയുള്ള വിവിധ പരിപാടികളിൽ രാജ്യം നിക്ഷേപം നടത്തുന്നുണ്ട്. സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് സമാനമായ രീതിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിന്നോക്ക രാഷ്ട്രങ്ങളെ മുന്നിലേക്കെത്തിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിലുണ്ട്.
Adjust Story Font
16

