സൗദിയിൽ ഹൈവേ റോഡുകളിലെ ട്രക്ക് ലൈൻ നിർമാണം ഇനി പുതിയ രീതിയിൽ
ബുള്ളറ്റ്-കോംപാക്റ്റ് കോൺക്രീറ്റ് സാങ്കേതികവിദ്യയുമായി സൗദി

ദമ്മാം: സൗദിയിൽ ദീർഘദൂര ഹൈവേ റോഡുകളിലെ ട്രക്ക് ലൈനുകളുടെ നിർമാണത്തിന് ഉന്നത സാങ്കേതിക വിദ്യയും നിർമാണ രീതിയും ഉപയോഗിപ്പെടുത്തുന്നു. ലോജിസ്റ്റിക്‌സ് മേഖലയിലെ ട്രക്ക് ലെയ്‌നുകളിൽ ബുള്ളറ്റ്-കോംപാക്റ്റ് കോൺക്രീറ്റ് സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കുകയാണ് സൗദി ജനറൽ അതോറിറ്റി ഓഫ് റോഡ്‌സ്. ലോജിസ്റ്റിക് റൂട്ടുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി.
റോഡുകളുടെ ഘടനാപരമായ പാളികൾക്ക് ബലം നൽകുന്നതും ലോകോത്തര നിലവാരവും ഈടും നൽകുന്നതും ഹെവി ട്രക്കുകൾ കടന്നുപോകുന്നത് മൂലമുണ്ടാകുന്ന രൂപമാറ്റങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതുമായ ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യയാണിതെന്ന് അതോറിറ്റി വിശദീകരിച്ചു. ഇത് റോഡുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും കാലാവധി കൂട്ടുന്നതിനും ആവർത്തിച്ചുണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ ചെലവുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. പദ്ധതി വഴി അടിസ്ഥാന സൗകര്യ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദേശീയ നിർദേശങ്ങൾക്കനുസൃതമായി ലോജിസ്റ്റിക് മേഖലയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള അതോറിററിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ലോജിസ്റ്റിക് റോഡുകളിൽ അനുഭവപ്പെടുന്ന ഉയർന്ന ഭാരമുള്ള ലോഡുകളുടെ സ്വഭാവത്തിന് ഈ നൂതന എഞ്ചിനീയറിംഗ് രീതി പരിഹാരവും അനുയോജ്യമാണെന്നും അതോറിറ്റി വ്യക്തമാക്കി.
Adjust Story Font
16

