ഇറാൻ- ഇസ്രായേൽ സംഘർഷം: വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി സൗദി കിരീടാവകാശി
യുദ്ധം അവസാനിപ്പിക്കലാണ് ലക്ഷ്യം

റിയാദ്: ഇറാൻ-ഇസ്രായേൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, യുഎഇ, ഫ്രഞ്ച്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായാണ് സൗദി കിരീടാവകാശി ചർച്ച നടത്തിയത്. ഇറാൻ -ഇസ്രായേൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച.
ഇസ്രായേൽ നടത്തിയ ഇറാൻ ആക്രമണത്തിന്റെ പ്രതിഫലനം, അമേരിക്ക ഇറാനിലെ ന്യൂക്ലിയർ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണം, പ്രദേശത്ത് നിലവിലുള്ള വിദ്വേഷാവസ്ഥ, സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച.
അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഇസ്രായേലിൽ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ രാത്രി ഇറാന്റെ പ്രധാന നഗരങ്ങളിൽ നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായാണിത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ ഒരാഴ്ചക്കകം വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു. ഒരാഴ്ചക്കകം യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16

