യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സൈന്യത്തിന്റെ ആക്രമണം
സൗദിയിൽ ഹൂതി ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റിരുന്നു

റിയാദ്: യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയുടെ ആക്രമണം. മാരിബ്, അൽ ജൗഫ്, താഇസ് എന്നിവിടങ്ങളിലാണ് സൗദി തിരിച്ചടിച്ചത്. ഇന്നലെ സൗദിയ്ക്ക് നേരെ നടന്ന ഹൂതി ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റിരുന്നു. സൗദിയുടെ തെക്കൻ മേഖലകളിൽ ഇപ്പോഴും ജാഗ്രതാ നിർദേശം തുടരുകയാണ്.
ഇന്നലെ സൗദിയിലെ അസീർ, ജിസാൻ, നജ്‌റാൻ പ്രദേശങ്ങളിലേക്ക് ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇന്ന് സൗദി യമനിലെ ഹൂതി കേന്ദ്രങ്ങളിൽ നൽകിയത്. തായിസ്, മാരിബ്, അൽ ജൗഫ് എന്നീ മേഖലകളിലാണ് ആക്രമണം. പത്തിടങ്ങളിലായി സൗദി ആക്രമണം നടത്തിയതായി ഹൂതികളും സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ സൗദിയുടെ തെക്കൻ മേഖലകളിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം എത്തി. ഇടയ്ക്കിടെ ഈ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്. യമനിലെ ആഭ്യന്തര യുദ്ധം വീണ്ടും രൂക്ഷമാവുകയാണ്.
യമനിലെ ഔദ്യോഗിക ഭരണകൂടവും ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളും തമ്മിലാണ് യുദ്ധം. ഹൂതി നിയന്ത്രണത്തിലുള്ള മേഖലകൾ പിടിച്ചെടുക്കാനാണ് യമൻ സൈന്യത്തിന്റെ ശ്രമം. യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് സൗദി സൈന്യത്തിന്റെ പിന്തുണയുണ്ട്. ഹൂതികൾക്കാകട്ടെ ഇറാന്റെ പിന്തുണയുമുണ്ട്. ആഭ്യന്തര സംഘർഷം യമനകത്ത് വർദ്ധിച്ചാൽ അത് സൗദിക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ തെക്കൻ മേഖലയിലെ ജിസാൻ, അസീർ, അബഹ മേഖലയിലെ എണ്ണ പ്ലാന്റുകൾക്ക് ലക്ഷ്യം വെച്ചിരുന്നു. ആക്രമണത്തിൽ പ്ലാന്റിലെ ജീവനക്കാരും ഇരകളായി.
Adjust Story Font
16

