Quantcast

ആ​ഗോള വെല്ലുവിളികൾ നേരിടാൻ അന്താരാഷ്ട്ര ഏകോപനം ആവശ്യം-സൗദി വിദേശകാര്യ മന്ത്രി

ജി20 ഉച്ചകോടിയിലാണ് പരാമർശം

MediaOne Logo

Web Desk

  • Published:

    23 Nov 2025 12:47 AM IST

Saudi Foreign Minister calls for international coordination to address global challenges
X

റിയാദ്: നിലവിലെ ആ​ഗോള വെല്ലുവിളികൾ നേരിടാൻ തുടർച്ചയായ അന്താരാഷ്ട്ര ഏകോപനം ആവശ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക സ്ഥിരത എന്നിവ ഉറപ്പാക്കാൻ ഈ ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യ ബഹുരാഷ്ട്ര സഹകരണത്തിന് തയ്യാറാണെന്ന് അദ്ദേഹം ആവർത്തിച്ചു. ടൂറിസം, സാങ്കേതികവിദ്യ, സുസ്ഥിര അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ ഉത്തരവാദിത്തമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന എക്സിക്യൂട്ടീവ് ചട്ടക്കൂടുകൾ രാജ്യം വികസിപ്പിച്ചുവരികയാണെന്നും വിശദീകരിച്ചു. പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തിയുള്ള നിർമാണം, ഗുണമേന്മയുള്ള നിക്ഷേപങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ജി20ഉച്ചകോടിയുടെ ശ്രമങ്ങൾ 2030 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്നതും സന്തുലിതവുമായ സാമ്പത്തിക വളർച്ച ഉറപ്പാക്കി ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കുകയും ഭാവി തലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കടബാധ്യതകൾ, ഭക്ഷ്യ-ഊർജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ വെല്ലുവിളികൾക്കും അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. അനധികൃത സാമ്പത്തിക ഒഴുക്കുകൾ തടയുകയും രാജ്യങ്ങൾക്ക് തങ്ങളുടെ വിഭവങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യേണ്ടത് സാമ്പത്തിക സ്ഥിരതയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS :

Next Story