പെർമിറ്റില്ലാതെ ഹജ്ജിന് പോയാൽ 20,000 റിയാൽ വരെ പിഴ; ചട്ടലംഘനത്തിനുള്ള ശിക്ഷകൾ പുറത്തുവിട്ട് സൗദി
പെർമിറ്റ് ഇല്ലാതെ ഹജ്ജിന് പോകുന്നവർക്ക് വിസിറ്റ് വിസ എടുത്തുകൊടുത്തവരും കുടുങ്ങും

മക്ക: പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ 20,000 റിയാൽ വരെ പിഴ നൽകേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ദുൽഖഅ്ദ് ആദ്യ ദിവസം മുതൽ ദുൽഹജ്ജ് 14-ാം ദിവസം അവസാനം വരെ ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസ കൈവശം വച്ച് മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്നവരും 20,000 റിയാൽ വരെ പിഴ നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഹജ്ജ് പെർമിറ്റ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട ശിക്ഷകൾ മന്ത്രാലയം പുറത്തുവിട്ടത്.
വിസിറ്റ് വിസ എടുത്തുകൊടുത്തവരും കുടുങ്ങും
പെർമിറ്റ് ഇല്ലാതെ ഹജ്ജിന് പോകുന്നവർക്ക് വിസിറ്റ് വിസ എടുത്തുകൊടുത്തവരും കുടുങ്ങും. ഒരു ലക്ഷം റിയാൽ വരെയാണ് ഇക്കൂട്ടർ പിഴ നൽകേണ്ടിവരിക. പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ ഹജ്ജിന് ശ്രമിക്കുകയോ ചെയ്ത വ്യക്തിക്ക്, അല്ലെങ്കിൽ നിർദ്ദിഷ്ട കാലയളവിൽ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വ്യക്തിക്ക്, ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസക്ക് അപേക്ഷിച്ചവരാണ് പിഴ ഒടുക്കേണ്ടിവരിക. നിയമം ലംഘിച്ചവരുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സന്ദർശന വിസക്കാരെ മക്കയിലേക്ക് കൊണ്ടുപോകുന്നവർക്കും 1 ലക്ഷം റിയാൽ പിഴ
സന്ദർശന വിസയുള്ളവരെ ഹജ്ജ് കാലത്ത് മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നവർ ഒരു ലക്ഷം റിയാൽ പിഴ നൽകേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അതേസമയം, നിർദ്ദിഷ്ട കാലയളവിൽ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലുമായി ഏതെങ്കിലും സ്ഥലത്ത് (ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വസതികൾ, ഷെൽട്ടറുകൾ, തീർഥാടന കേന്ദ്രങ്ങൾ മുതലായവ) ഏതെങ്കിലും സന്ദർശന വിസയുള്ളവരെ താമസിപ്പിക്കുന്നവരും താമസിക്കാൻ എന്തെങ്കിലും സഹായം നൽകുന്നവരും ഒരു ലക്ഷം റിയാൽ പിഴ ഒടുക്കേണ്ടി വരും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികളെയും വിസാ കാലാവധി കഴിഞ്ഞവരെയും നാടുകടത്തും
പെർമിറ്റില്ലാതെ ഹജ്ജ് തീർഥാടനത്തിന് പോകുന്ന പ്രവാസികളെയും വിസാ കാലാവധി കഴിഞ്ഞവരെയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. 10 വർഷത്തേക്ക് സൗദിയിലേക്ക് വരുന്നത് തടയുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ഹജ്ജ് ചട്ട ലംഘനം സംബന്ധിച്ചുള്ള ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്.
നിയമലംഘകരെ കൊണ്ടുപോകുന്ന വാഹനം കണ്ടുകെട്ടും
പെർമിറ്റില്ലാതെ ഹജ്ജ് കാലത്ത് മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നിയമലംഘകരെ കൊണ്ടുപോകുന്ന വാഹനം കണ്ടുകെട്ടും. ഏതെങ്കിലും സന്ദർശന വിസകളിലുമുള്ളവരെ നിർദ്ദിഷ്ട കാലയളവിൽ കൊണ്ടുപോകാൻ ഉപയോഗിച്ചതായി തെളിയിക്കപ്പെട്ട വാഹനം കണ്ടുകെട്ടണമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന് അധികാരമുള്ള കോടതിയാണ് നടപടിയെടുക്കുക.
ശിക്ഷ നേരിട്ടവർക്ക് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം
പെർമിറ്റില്ലാതെയുള്ള ഹജ്ജിന് ശിക്ഷ നേരിട്ടവർക്ക്, തീരുമാനം അറിയിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കമ്മിറ്റിക്ക് അപ്പീൽ നൽകാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. കമ്മിറ്റി തീരുമാനത്തെ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ ചോദ്യം ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പൗരന്മാർ, പ്രവാസികൾ, ഏതെങ്കിലും വിസകളിലുള്ളവർ എന്നിവർ ഹജ്ജ് ചട്ടങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മക്ക പ്രവിശ്യയിൽ വെച്ച് 911 എന്ന നമ്പറിൽ വിളിച്ച് നിയമലംഘകരെ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
Adjust Story Font
16

