കേംബ്രിഡ്ജിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: സ്വദേശിക്കെതിരെ കൊലപാതകം, പൊതു ഇടത്തിൽ ആയുധം കൈവശം വെക്കൽ കുറ്റങ്ങൾ ചുമത്തി
കേസിൽ ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

റിയാദ്:ലണ്ടനിലെ കേംബ്രിഡ്ജിൽ സൗദി വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ സ്വദേശിക്ക് മേൽ കൊലപാതകം, പൊതു ഇടത്തിൽ ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി പൗരൻ കൊല്ലപ്പെട്ടത്. അക്രമികൾ കൊലപാതകത്തിനിടെ വംശീയ വാക്യങ്ങൾ ഉപയോഗിച്ചിരുന്നെന്ന് ദൃക്സാക്ഷിയായ സഹപാഠി വെളിപ്പെടുത്തി. സംഭവ സ്ഥലത്തേക്ക് ആംബുലൻസ് എത്താൻ വൈകിയെന്നും അദ്ദേഹം അറിയിച്ചു.
കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇ എഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അൽ ഖാസിം. 10 ആഴ്ചയോളം നീണ്ടു നിൽക്കുന്ന ഭാഷാ പഠന കോഴ്‌സിന് വേണ്ടിയാണ് 20കാരൻ ഭാഷാ കോളേജിൽ എത്തുന്നത്. രാത്രി 11.30 ന് താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇദ്ദേഹത്തെ വളയുകയായിരുന്നു. സംഘർഷ സാഹചര്യം ഉണ്ടാക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. പരിക്കേറ്റ ഖാസിം സഹായത്തിനായി കരഞ്ഞിരുന്നു. സമീപ വാസികൾ ഓടിയെത്തുകയും പ്രാഥമിക സഹായം നൽകിയെന്നും സംഭവത്തിന് സാക്ഷിയായ സഹപാഠി അറിയിച്ചു. പെട്ടെന്ന് തന്നെ പൊലീസ് എത്തിയെങ്കിലും ആംബുലൻസ് എത്താൻ അരമണിക്കൂർ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളിൽ ഒരാൾ കൊലപാതകത്തിനിടക്ക് വംശീയ വാക്കുകൾ വിളിച്ചു പറഞ്ഞുവെന്നും സഹപാഠി വ്യക്തമാക്കി. ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്. അറസ്റ്റിലായവരിൽ ഒരാൾക്ക് 21 വയസും രണ്ടാമന് 50 വയസുമാണ് പ്രായം. ബ്രിട്ടീഷ് പൊലീസിന്റെ നേതൃത്വത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സൗദി എംബസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
Adjust Story Font
16

