ശുഭ സൂചനയോ..?, ഹോർമുസ് വഴി പുറപ്പെടാൻ ഒരുക്കവുമായി കപ്പലുകൾ; ഗൾഫും മുന്നോട്ട് തന്നെ
വെടിനിർത്തലിന് ശേഷം ഇതുവരെ മൂന്ന് എണ്ണക്കപ്പലുകൾ മാത്രമാണ് ഹൊർമൂസ് വഴി കടന്നുപോയത്

ഹോർമുസ് തുറക്കുമെന്ന പ്രതീക്ഷയിൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉത്പാദകർ ഏഷ്യൻ റിഫൈനറികളോട് രണ്ടു മാസത്തേക്കുള്ള പ്ലാൻ തയാറാക്കാൻ നിർദേശിച്ചു. വെടിനിർത്തൽ നീളുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ റിഫൈനറികൾക്കുള്ള നിർദേശം. പ്രതിദിനം നിശ്ചിത എണ്ണം കപ്പലുകൾക്ക് മാത്രമാണ് ഫീസടച്ച് കടന്നു പോകാൻ ഇറാൻ അനുമതി നൽകുന്നത്. വെടിനിർത്തലിന് ശേഷം ഇതുവരെ മൂന്ന് എണ്ണക്കപ്പലുകൾ മാത്രമാണ് ഹൊർമൂസ് വഴി കടന്നുപോയത്.
സൗദി, യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്ന ടാങ്കറുകൾക്ക് ഇപ്പോഴും ഇറാനിയൻ അനുമതിയും ഫീസും ആവശ്യമാണ്. അതിനാൽ വലിയ ഓയിൽ ടാങ്കറുകളുടെ ഗതാഗതം ഇപ്പോഴും ഏതാണ്ട് നിലച്ച നിലയിലാണ്. സാധാരണ 130-140 കപ്പലുകളാണ് ഇതുവഴി കടന്നു പോയിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി ആകെ 14 ചരക്കു കപ്പലുകൾ മാത്രമാണ് ഹോർമുസ് വഴി കടന്നുപോയത്. ഇതിൽ ഭൂരിഭാഗവും ഡ്രൈ ബൾക്ക് കാരിയറുകളാണ്. അതായത് എണ്ണ-പ്രകൃതി വാതക ഇതര ചരക്കുകൾ.. ഓയിൽ ടാങ്കറുകളുടെ എണ്ണം മൂന്നോ നാലോ മാത്രമാണെന്ന് ഷിപ്പ് ട്രാക്കിങ് ഡാറ്റകൾ സൂചിപ്പിക്കുന്നു.
ഹോർമുസിലെ ഗതാഗതം പൂർണമായി സാധാരണ നിലയിലേക്ക് മടങ്ങാൻ ഇനിയും സമയമെടുക്കുമെന്നാണ് ഷിപ്പിങ് വ്യവസായ വിദഗ്ധരുടെ വിലയിരുത്തൽ. ഇതാണ് സാഹചര്യമെങ്കിലും മിഡിൽ ഈസ്റ്റിലെ എണ്ണ ഉത്പാദകർ ഏഷ്യൻ റിഫൈനറികളോട് ഏപ്രിൽ, മേയ് മാസങ്ങളിലെ ക്രൂഡ് ഓയിൽ ലോഡിങ് പ്രോഗ്രാമുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സൗദി അരാംകോ യാമ്പു, റാസ്തനൂറ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കു നീക്കത്തിനായി ഓർഡർ നൽകാൻ ഏഷ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തും, ഇറാഖും സമാന നീക്കം നടത്തി. ഇറാഖിന് നേരത്തെ ഹൊർമൂസിലെ ഫീസും നിയന്ത്രണവും നീക്കിയിട്ടുണ്ട്. ഇന്ത്യൻ, ദക്ഷിണ കൊറിയൻ റിഫൈനറികൾ ഇറാഖിൽ നിന്നുള്ള ക്രൂഡ് ലോഡ് ചെയ്യാൻ ടാങ്കറുകൾ തിരയുകയാണ്.
Adjust Story Font
16

