ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയും എത്തിയേക്കും
14 വർഷത്തെ യുദ്ധത്തിനുശേഷം സിറിയയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അഹമ്മദ് അൽ ഷറ

റിയാദ്: ഈ ആഴ്ച സൗദിയിലെ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയും പങ്കെടുത്തേക്കും. 14 വർഷത്തെ യുദ്ധത്തിനുശേഷം സിറിയയെ ലോകവേദികളിലേക്ക് ഉയർത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
ചൊവ്വാഴ്ച അൽ ഷറ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിനെ അഭിസംബോധന ചെയ്യുമെന്നാണ് വാർത്ത. സിറിയൻ പ്രസിഡന്റിന്റെ വൃത്തങ്ങളും സൗദി ഗവൺമെൻറ് മീഡിയ ഓഫീസും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
10 മാസം മുമ്പാണ് ബഷർ അൽഅസദിൽ നിന്ന് അൽ ഷറയും സംഘവും അധികാരം പിടിച്ചെടുത്തത്. അതിനുശേഷം, അസദിന്റെ ഭരണകാലത്ത് നഷ്ടപ്പെട്ട ലോകശക്തികളുമായുള്ള സിറിയയുടെ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവരികയാണ്. ഇതിനായി നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യ ആ പ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ചുവരികയാണ്.
മെയിൽ, റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഷറയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചരിത്രപരമായ കൂടിക്കാഴ്ച നടന്നിരുന്നു. ഷറയെ പ്രശംസിച്ച ട്രംപ്, സിറിയയ്ക്ക് പുനർനിർമാണത്തിനുള്ള അവസരം നൽകുന്നതിനായി എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് പറഞ്ഞു. 216 ബില്യൺ ഡോളർ പുനർനിർമാണച്ചെലവാകുമെന്ന് ലോകബാങ്ക് കണക്കാക്കിയിട്ടുണ്ട്. രാജ്യത്തിന് സംഭാവന നൽകാൻ ലോകശക്തിളോട് അൽ ഷറ പറഞ്ഞിരുന്നു.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ബ്ലാക്ക് റോക്കിന്റെ ലാറി ഫിങ്ക്, ജെപി മോർഗന്റെ ജാമി ഡിമോൺ, യുഎസ്-സൗദി ബിസിനസ് കൗൺസിലിന്റെ സഹ-അധ്യക്ഷയായി മാറിയ സിറ്റിയുടെ ജെയ്ൻ ഫ്രേസർ എന്നിവരും ഈ വർഷം എഫ്‌ഐഐയിൽ പങ്കെടുത്തേക്കും. ഇന്റലിന്റെ ലിപ്-ബു ടാൻ, അരാംകോയുടെ അമീൻ നാസർ തുടങ്ങിയ പ്രമുഖ സാങ്കേതിക, ഊർജ്ജ വ്യവസായ പ്രമുഖരും പരിപാടിക്കെത്തും.
Adjust Story Font
16

