ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം 18ന് മദീനയിലെത്തും
മുംബൈയിൽ നിന്നുള്ള തീർഥാടകരാണ് ആദ്യം എത്തുന്നത്

ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഈ മാസം പതിനെട്ടിന് എത്തും. മദീന വഴിയാണ് ഹാജിമാരെത്തുക. പകുതിയിലേറെ ഇന്ത്യൻ തീർഥാടകർക്ക് മക്ക-മദീന ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ സേവനം ലഭിക്കും. മദീനയിൽ പ്രവാചക പള്ളിയോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം. മുഴുവൻ ഹാജിമാർക്കും ഇത്തവണ ട്രാക്ക് ചെയ്യാവുന്ന സ്മാർട്ട് വാച്ചും ലഭ്യമാക്കും.
മുംബൈയിൽ നിന്നുള്ള തീർത്ഥാടകരുമായാണ് ആദ്യ വിമാനം ഈ മാസം 18ന് മദീനയിലെത്തുക. ഒന്നേ മുക്കാൽ ലക്ഷം പേരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. 1,22,518 പേർ ഹജ്ജ് കമ്മറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകളിലുമാണ് ഹജ്ജ് നിർവഹിക്കുക. തീർഥാടകരെ സ്വീകരിക്കാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇന്ത്യൻ കോൺസൽ ജനറൽ പറഞ്ഞു.
മദീനയിൽ മുഴുവൻ ഹാജിമാർക്കും പ്രവാചക പള്ളിക്ക് തൊട്ടരികിലാണ് താമസ സൗകര്യം. 50% തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകൾ ഹറമൈൻ ഹൈസ്പീഡ് ട്രെയിനിൽ യാത്ര ചെയ്യാനാവും. മിനയിലും അറഫയിലും മികച്ച സൗകര്യങ്ങൾ ഇന്ത്യൻ ഹാജിമാർക്ക് ലഭിക്കും. മക്കയിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മുഴുവൻ ഹാജിമാർക്കും സ്മാർട്ട് വാച്ച് നൽകും. കാണാതാവുന്ന ഹാജിമാരെ കണ്ടെത്തുന്നതുൾപ്പടെ അടിയന്തര സേവനങ്ങൾ ഇതുവഴി ലഭിക്കും. 350 മെഡിക്കൽ പാരാമെഡിക്കൽ സംഘങ്ങളുൾപ്പടെ 600 റോളം ഉദ്യോഗസ്ഥർ തീർത്ഥാടകരുടെ സേവനങ്ങൾക്കായി എത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള തീർഥാടകർ ഈ മാസം 30 മുതൽ ജിദ്ദ വഴിയാണ് എത്തുക. മെയ് 20 വരെയാണ് ഹാജിമാരുടെ വരവ് ക്രമീകരിച്ചിട്ടുള്ളത്.
Adjust Story Font
16

