Quantcast

പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ നീക്കം; ലോകത്തിന് കരുത്തായി സൗദിയുടെ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്‌ലൈൻ

യുദ്ധത്തിന് മുമ്പ് പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയിരുന്നത്

MediaOne Logo

Web Desk

  • Published:

    28 March 2026 9:25 PM IST

The Kingdom boosts oil flows by 7 million barrels per day via the East-West pipeline.
X

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ, ലോകവിപണിക്ക് ആശ്വാസമായി സൗദി അറേബ്യയുടെ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്‌ലൈൻ സംവിധാനം. ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കുന്ന ഈ പൈപ്പ്‌ലൈൻ നിലവിൽ അതിന്റെ പൂർണശേഷിയായ പ്രതിദിനം 70 ലക്ഷം ബാരലിൽ പ്രവർത്തിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇറാനും ഇസ്രായേൽ-അമേരിക്ക സഖ്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെയാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടത്. ഇതോടെ ലോകവിപണിയിലെ എണ്ണലഭ്യത ഉറപ്പാക്കാൻ സൗദി അറേബ്യ തങ്ങളുടെ അടിയന്തര പ്ലാൻ സജീവമാക്കി.ചെങ്കടൽ തീരത്തെ യാമ്പു തുറമുഖം വഴി എണ്ണ കയറ്റുമതി വർധിപ്പിക്കാനാണ് മന്ത്രാലയം തീരുമാനിച്ചത്.

പ്രതിദിനം ഏകദേശം 50 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് യാമ്പു തുറമുഖം വഴി നിലവിൽ കയറ്റുമതി ചെയ്യുന്നത്. 7 ലക്ഷം മുതൽ 9 ലക്ഷം ബാരൽ വരെ പെട്രോളിയം ഉൽപന്നങ്ങളും ഈ പാതയിലൂടെ വിപണിയിലെത്തുന്നു. പൈപ്പ്‌ലൈൻ വഴി എത്തുന്ന 70 ലക്ഷം ബാരലിൽ 20 ലക്ഷം ബാരൽ എണ്ണ സൗദിയിലെ തന്നെ റിഫൈനറികളിലേക്കാണ് മാറ്റുന്നത്. യുദ്ധത്തിന് മുമ്പ് പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയിരുന്നത്. ഇതിലുണ്ടായ കുറവ് പരിഹരിക്കാൻ യാമ്പു പൈപ്പ്‌ലൈൻ സഹായിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് ഒരു പരിധിവരെ തടയാൻ സാധിച്ചു. നിലവിൽ നിരവധി ടാങ്കറുകൾ എണ്ണ ശേഖരിക്കാനായി യാമ്പു തുറമുഖത്തേക്ക് ദിശ മാറ്റി സഞ്ചരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story