ചരിത്ര കുതിപ്പിൽ...; 'ആർട്ടെമിസ്' ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ അറബ് രാജ്യമായി സൗദി
സൗദിയുടെ 'ഷംസ്' ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

റിയാദ്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് സൗദി അറേബ്യ. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയായ 'ആർട്ടെമിസ്'ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ അറബ് രാജ്യമായി മാറി സൗദി. സൗദിയുടെ സ്വന്തം ഉപഗ്രഹമായ 'ഷംസ്' വിജയകരമായി വിക്ഷേപിക്കുകയും അതുമായി ആശയവിനിമയം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഈ നേട്ടം കൈവരിച്ചത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ ഭാവി യാത്രകൾക്ക് മുന്നോടിയായുള്ള 'ആർട്ടെമിസ്-2' ദൗത്യത്തിന്റെ ഭാഗമായാണ് സൗദി ഉപഗ്രഹം വിക്ഷേപിച്ചത്.
ബഹിരാകാശത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ, സോളാർ റേഡിയേഷൻ, എക്സ്-റേകൾ, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് 'ഷംസ്' ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. സൗദിയിലെ വിദഗ്ധർ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഈ ഉപഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് രാജ്യത്തിന്റെ അഭിമാനകരമാണ്. 2022-ൽ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയിൽ സൗദി സജീവ പങ്കാളിയായി. 60-ലധികം രാജ്യങ്ങൾ ഉൾപ്പെട്ട ഈ ഉടമ്പടിയിൽ സുതാര്യമായ ശാസ്ത്രീയ വിവര കൈമാറ്റവും ബഹിരാകാശ പര്യവേഷണവും ലക്ഷ്യമിടുന്നു.
Adjust Story Font
16

