Quantcast

യുഡിഎഫ് വിജയം; പിണറായിയുടെ വർഗീയ പ്രീണനത്തിനും വ്യക്തിപൂജക്കുമുള്ള തിരിച്ചടിയെന്ന് പ്രവാസി വെൽഫെയർ

MediaOne Logo

Web Desk

  • Published:

    5 May 2026 6:37 PM IST

UDF victory; Pravasi Welfare says it is a setback to Pinarayis communal appeasement and personality worship
X

​ജിദ്ദ: കേരള നിയമസഭാതെരഞ്ഞെടുപ്പിൽ ചരിത്രവിജയം കരസ്ഥമാക്കിയ ഐക്യ ജനാധിപത്യ മുന്നണിയെ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിനന്ദിച്ചു. 'വെള്ളാപള്ളിയെപ്പോലെ നിരന്തരം വർഗീയ വിഷം തുപ്പുന്ന ജാതിക്കോമരങ്ങൾക്ക് കുടപിടിച്ച ഇടതുമുന്നണിയുടെ ഭൂരിപക്ഷ വർഗീയ പ്രീണന നയത്തിന്, കേരള ജനത ഒറ്റക്കെട്ടായി നൽകിയ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പാർട്ടിയുടെ ആദർശ വ്യതിയാനത്തിലും ജീർണതയിലും മനംമടുത്ത യഥാർത്ഥ ഇടതുപക്ഷ വിശ്വാസികൾ പോലും ഇത്തവണ യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും കമ്മിറ്റി വിലയിരുത്തി.

​കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞത് പിണറായി വിജയൻ സർക്കാരിന്റെ വർഗീയ പ്രീണന നയങ്ങളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെയും അനന്തരഫലമായാണ്. മുഖ്യമന്ത്രിയെ ബാധിച്ച 'രാജാപ്രേതവും', പാർട്ടിയെ പാടെ മറന്നുകൊണ്ട് കേവല വ്യക്തിപൂജയിലേക്ക് തരംതാഴ്ന്ന സി.പി.എമ്മിന്റെ ധാർഷ്ട്യവുമാണ് ഇടതുപക്ഷത്തിന്റെ ഈ ദയനീയ പരാജയത്തിന് കാരണമായതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

​തെരഞ്ഞെടുപ്പ് പരാജയത്തിൽ ജനങ്ങൾക്കല്ല, മറിച്ച് പാർട്ടിക്കാണ് തെറ്റുപറ്റിയതെന്ന് യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ സി.പി.എം നേതൃത്വം തയ്യാറാവണം. തെറ്റുകൾ മനസ്സിലാക്കി തിരുത്താൻ ശ്രമിച്ചില്ലെങ്കിൽ, പശ്ചിമ ബംഗാളിൽ പാർട്ടിക്ക് സംഭവിച്ച അതേ ഗതി തന്നെയാകും കേരളത്തിലും അവരെ കാത്തിരിക്കുന്നതെന്നും പ്രവാസി വെൽഫെയർ മുന്നറിയിപ്പ് നൽകി. യുഡിഎഫിന്റെ ഈ ഐതിഹാസിക വിജയത്തിൽ സന്തോഷം രേഖപ്പെടുത്തുന്നതായി പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിക്ക്‌ വേണ്ടി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി റഹീം പാപ്പിനിശ്ശേരി എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വരും നാളുകളിൽ ജനക്ഷേമത്തിലൂന്നിയ മികച്ച ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും നേതാക്കൾ ആശംസിച്ചു.

TAGS :

Next Story