ഹോർമുസിലെ കെണി: ലോകത്തെ പ്രധാന മേഖലകൾ തകർച്ചയുടെ വക്കിലേക്ക്
ഹോർമുസ് തുറക്കാത്തതും കപ്പൽ ചരക്കുനീക്കം താറുമാറായതും വിവിധ രംഗങ്ങളിൽ വിലയേറ്റത്തിന് കാരണമായി

റിയാദ്: അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോളതലത്തിൽ ഉൽപ്പാദന ചെലവ് കുത്തനെ വർധിപ്പിക്കുന്നു. വെടിനിർത്തലുണ്ടെങ്കിലും ഹോർമുസ് തുറക്കാത്തതും കപ്പൽ ചരക്കുനീക്കം താറുമാറായതും വിവിധ രംഗങ്ങളിൽ വിലയേറ്റത്തിന് കാരണമായി. വിവിധ ഉൽപ്പന്നങ്ങളുടെ നിർമാണം, വിനോദസഞ്ചാരം, ഖനനം തുടങ്ങിയ മേഖലകളിലെ കമ്പനികളെയാണ് യുദ്ധം കാര്യമായി ബാധിച്ചിരിക്കുന്നത്.
ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ട്രംപിന്റെ താരിഫ് യുദ്ധം വിപണിയുടെ അടിക്കല്ലിളക്കിയിരുന്നു. ഇതിന് പിന്നാലെ യുദ്ധത്തിലേക്കും നീങ്ങിയതോടെ വിപണിയിൽ അപ്രവചനീയ സാഹചര്യമായി.
ആഗോള തലത്തിലുള്ള വിവിധ കമ്പനികൾ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പെയിന്റ്, മരുന്നുകൾ, ശിശു ഭക്ഷ്യ ഉത്പന്നങ്ങൾ, വളം, യന്ത്ര സാമഗ്രികൾ, സിന്തറ്റിക് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയുടെ വിലയിലെല്ലാം മാറ്റം വന്നു തുടങ്ങി. വിതരണ തടസ്സങ്ങൾ കാരണം ലിഫ്റ്റ് നിർമാതാക്കളായ ഓട്ടിസ് വേൾഡ് വൈഡിന്റെ പുതിയ ഉപകരണങ്ങളുടെ വിൽപനയെയും ബാധിച്ചിട്ടുണ്ട്. കടലിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഇൻഷുറൻസ്, ചരക്ക് കൂലി എന്നിവ വർധിപ്പിക്കുന്നത് എല്ലാ മേഖലകളിലും വിലക്കയറ്റമെത്തിച്ചു. വിനോദസഞ്ചാര, വ്യോമയാന മേഖലകളാണ് യുദ്ധം കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന മറ്റ് വിഭാഗങ്ങൾ. വിമാന ഇന്ധനത്തിന്റെ വില വർധിക്കുന്നത് വിമാനക്കമ്പനികളെ ടിക്കറ്റ് നിരക്ക് കൂട്ടാനും ഇന്ധന സർചാർജ് ഈടാക്കാനും പ്രേരിപ്പിക്കുന്നു. ഖനന മേഖലയിലെ കമ്പനികളും ചരക്ക് കൂലിയിലെ വർധനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും നേരിടുന്നു. സ്ഥിതി ആഗോളതലത്തിൽ പണപ്പെരുപ്പം വർധിപ്പിക്കാൻ ഇടയാക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Adjust Story Font
16

